Connect with us

Malappuram

പെരിന്തല്‍മണ്ണ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം

Published

|

Last Updated

പെരിന്തല്‍മണ്ണ: നഗരസഭാ കൗണ്‍സില്‍ യോഗം പ്രതിപക്ഷാംഗങ്ങളുടെ ബഹളം കാരണം തടസ്സപ്പെട്ടു. 38 ഓളം വരുന്ന വിഷയങ്ങള്‍ അടങ്ങിയ അജണ്ട ചര്‍ച്ചക്കെടുക്കാന്‍ പോലും കഴിയാതെ ചെയര്‍പേഴ്‌സണ്‍ യോഗം പിരിച്ചുവിടുകയായിരുന്നു. ഇന്നലെ രാവിലെ 10.30ന് കൗണ്‍സില്‍ യോഗം തീരുമാനിച്ചുവെങ്കിലും 11 മണിക്ക് തുടങ്ങിയ കൗണ്‍സില്‍ യോഗം പിന്നീട് ബഹളത്തെ തുടര്‍ന്ന് 11.30 ഓടു കൂടി പിരിച്ചു വിട്ടതായി ചെയര്‍പേഴ്‌സണ്‍ അറിയിക്കുകയായിരുന്നു.
യോഗ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പായി പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂഖ് കുടുംബശ്രീ മുഖേന ഒട്ടനവധി പദ്ധതികള്‍ നടപ്പിലാക്കുന്നതായും അതേ സമയം ഇതിന്റെ ആനുകൂല്യം പ്രതിപക്ഷ വാര്‍ഡുകളില്‍പ്പെട്ട അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നില്ലെന്നും പ്രമേയത്തിലൂടെ അവതരിപ്പിച്ചു. നഗരസഭയില്‍ 34 വാര്‍ഡുകളുണ്ടെന്നുള്ള കാര്യം ഭരണ കര്‍ത്താക്കള്‍ മറന്നു പോവുകയാണ്. ഏകപക്ഷീയമായ ഈ പോക്ക് ഇനി അനുവദിക്കില്ല. മാത്രവുമല്ല നഗരസഭ വിതരണം ചെയ്യുന്ന ഓട്ടോറിക്ഷാ പദ്ധതി കൗണ്‍സിലര്‍മാരെ അറിയിക്കുക പോലും ചെയ്തിട്ടില്ല. ഭവന നിര്‍മാണ ധനസഹായ വിതരണത്തിലെ അപാകതകള്‍ എന്നിവ പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി. തുടര്‍ന്നുണ്ടായ വാഗ്വാദങ്ങളാണ് പിന്നീട് ബഹളത്തില്‍ കലാശിച്ചത്. കുടുംബശ്രീയുടെ ജനാധിപത്യ നിയമത്തെ കവരാന്‍ കൗണ്‍സിലിന്നധികാരമില്ലെന്നും നിമയപരമായ പരിധിയില്‍ വരില്ലെന്നും ധാര്‍മികമായി പറയാനുള്ള ഒരു സ്വാതന്ത്ര്യം മാത്രമെ കൗണ്‍സിലിനുള്ളുവെന്നും ചെയര്‍മാന്‍ മുഹമ്മദ് സലീം, എം കെ ശ്രീധരന്‍ തുടങ്ങിയവര്‍ പറഞ്ഞു. കൗണ്‍സില്‍ നടപടികള്‍ ആരംഭിക്കാന്‍ ചെയര്‍മാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ചെയര്‍പേഴ്‌സന്റെ ചേംബറിന് മുമ്പില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം മുദ്രാവാക്യം വിളിച്ച് തടിച്ച് കൂടുകയായിരുന്നു.
കൗണ്‍സില്‍ ക്ലര്‍ക്കില്‍ നിന്ന് അജണ്ട തട്ടിപ്പറിച്ച് പ്രതിപക്ഷത്തിന്റെ കൈയില്‍ നിന്ന് തിരിച്ച് ഇങ്ങോട്ടേക്ക് തന്നെ വാങ്ങുന്നതിനിടയില്‍ അല്‍പ്പ സ്വല്‍പ്പം ഉന്തും തള്ളിനും ഇത് ഇടവരുത്തി. പ്രശ്‌നം ഗൗരവമാകുമ്പോഴേക്കും ചെയര്‍പേഴ്‌സണ്‍ അജണ്ടയില്‍ വന്നതായ വിഷയങ്ങള്‍ അംഗീകരിച്ചതായും കൗണ്‍സില്‍ യോഗം പിരിച്ചു വിട്ടതായും പ്രഖ്യാപിക്കുകയായിരുന്നു.
തുടര്‍ന്ന് മുനിസിപ്പല്‍ കവാടത്തില്‍ മുന്നില്‍ കുത്തിയിരുന്ന് പ്രതിപക്ഷാംഗങ്ങള്‍ നടത്തിയ ഉപരോധ സമരം പച്ചീരി ഫാറൂഖ് ഉദ്ഘാടനം ചെയ്തു. സമരത്തിന് ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഉസ്മാന്‍ താമരത്ത്, ചേരിയില്‍ മമ്മി, പത്തത്ത് ജാഫര്‍, ആലിക്കല്‍ ദേവദാസ്, പച്ചീരി സുമയ്യ, മാങ്കടകുഴി സുഹ്‌റ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Latest