സംവിധായകന്‍ മധു കൈതപ്രം അന്തരിച്ചു

Posted on: December 30, 2014 9:06 am | Last updated: December 30, 2014 at 10:39 pm

madhu kaiithpramകോഴിക്കോട്: മലയാള ചലച്ചിത്ര സംവിധായകന്‍ മധു കൈതപ്രം അന്തരിച്ചു. 45 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹ രോഗത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് ആറിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. കണ്ണൂര്‍ പയ്യന്നൂര്‍ കൈതപ്രത്ത് കെ പി കുഞ്ഞിരാമ പൊതുവാളിന്റേയും വി കെ നാരായണിയുടേയും മകനാണ്. രാഖിയാണ് ഭാര്യ.മകന്‍ -ശ്രീറാം.
സമാന്തര സിനിമകളെ സ്‌നേഹിച്ച സംവിധായകനാണ് മധു കൈതപ്രം. സംവിധായകന്‍ ജയരാജിന്റെ സഹസംവിധാകനായാണ് അദ്ദേഹം സിനിമയിലെത്തുന്നത്. ഏകാന്തം, മധ്യവേനല്‍, ഓര്‍മ്മമാത്രം, വെള്ളിവെളിച്ചത്തില്‍ എന്നീ നാല് ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. ഏകാന്തത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. തിലകന്‍, മുരളി തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍. മധ്യവേനലിന് കേരളാ ഫിലിംക്രിട്ടിക്‌സ് പുരസ്‌കരവും ലഭിച്ചു. ഓര്‍മ്മമാത്രത്തില്‍ ദിലീപായിരുന്നു നായകന്‍. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസിനെ നായകനാക്കിയെടുത്ത വെള്ളിവെളിച്ചത്തിലാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം.