Connect with us

Wayanad

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ പണിമുടക്കി; യാത്രക്കാര്‍ വലഞ്ഞു

Published

|

Last Updated

ഗൂഡല്ലൂര്‍: തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ പണിമുടക്ക് നടത്തി. യാത്രക്കാര്‍ കടുത്ത പ്രതിസന്ധിയിലായി. പണിമുടക്ക് യാത്രക്കാരെ വലച്ചു.
നാമമാത്രമായ സര്‍വീസുകള്‍ മാത്രമാണ് നടത്തിയത്. പോലീസിന്റെ സഹായത്തോടെയാണ് ബസുകള്‍ ഓടിച്ചത്. സര്‍വീസ് നിര്‍ത്തിവെച്ചതോടെ ഗൂഡല്ലൂര്‍ ഡിപ്പോയിലെ ബസുകള്‍ ബസ്റ്റാന്‍ഡിലും, ഗൂഡല്ലൂര്‍ സെന്റ്‌തോമസ് സ്‌കൂള്‍ മൈതാനിയിലുമാണ് പാര്‍ക്ക് ചെയ്തിരുന്നത്. ഊട്ടി, കുന്നൂര്‍, കോത്തഗിരി ഭാഗങ്ങളിലും സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. ഇന്നലെ മുതലാണ് ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്. ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുക, ശമ്പള കുടിശ്ശിക വിതരണം ചെയ്യുക, ബോണസ് വിതരണം ചെയ്യുക, ഒഴിവുകള്‍ നികത്തുക, താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. എ ഐ എ ഡി എം കെയുടെ എ ടി പി യൂനിയന്‍ ഒഴികെയുള്ള പതിനൊന്ന് ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ ട്രേഡ് യൂനിയനുകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നീലഗിരി ജില്ലയിലാണെങ്കില്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍ക്കാര്‍ പെര്‍മിറ്റ് നല്‍കുന്നില്ല. അതിനാല്‍ ഇവിടെ സ്വകാര്യ ബസ് സര്‍വീസുകളും ഇല്ല. നീലഗിരിയില്‍ അധിക പേരും സര്‍ക്കാര്‍ ബസുകളെയാണ് ആശ്രയിക്കുന്നത്. ജീവനക്കാര്‍ മുഴുവനും സമരരംഗത്തായത് കൊണ്ട് സര്‍ക്കാര്‍ ബസുകളുടെ സര്‍വീസുകള്‍ പൂര്‍ണമായും നിലച്ചിരിക്കുകയാണ്.
ബസില്ലാത്തതിനാല്‍ യാത്രക്കാര്‍ അമിത ചാര്‍ജ് നല്‍കി ടാക്‌സി വാഹനങ്ങളെയാണ് ഇന്നലെ ആശ്രയിച്ചത്.
ഗൂഡല്ലൂര്‍ ബസ്റ്റാന്‍ഡിലെല്ലാം ഇന്നലെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. യാത്രക്കാര്‍ മണിക്കൂറുകളോളമാണ് ബസിനായി കാത്തിരുന്നത്. ബസ് സര്‍വീസ് പൂര്‍ണമായും നിലച്ചതോടെ യാത്രക്കാര്‍ പിന്നീട് ടാക്‌സി വാഹനങ്ങളെ ആശ്രയിക്കുകയായിരുന്നു.