പരിസ്ഥിതി ബോധവത്കരണവുമായി എമിറേറ്റ്‌സ് ഐ ഡി

Posted on: December 29, 2014 5:20 pm | Last updated: December 29, 2014 at 5:20 pm

അബുദാബി: കാര്‍ബണ്‍ മാലിന്യങ്ങള്‍ കുറച്ചുകൊണ്ടുള്ള പദ്ധതികളുമായി എമിറേറ്റ്‌സ് ഐ ഡി.
മസ്ദര്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് എമിറേറ്റ്‌സ് ഐ ഡി വകുപ്പ് നടത്തിയ പഠനത്തിന്റെ ഭാഗമായാണിത്. വകുപ്പിന്റെ എല്ലാ സ്ഥിരം കേന്ദ്രങ്ങളിലൂടെയും ഈ ആശയം നടപ്പാക്കും. യു.എ.ഇ. വിഷന്‍ 2021ന്റെ ഭാഗമായി സാധ്യമായ ഇടങ്ങളിലെല്ലാം പ്രകൃതിസൗഹാര്‍ദ പ്രവര്‍ത്തനരീതികള്‍ നടപ്പാക്കുമെന്ന് എമിറേറ്റ് ഐ.ഡി. വക്താവ് വ്യക്തമാക്കി. ഏഴു ടണ്ണോളം കാര്‍ബണ്‍ മാലിന്യം ഇല്ലാതാക്കാന്‍ വകുപ്പ് പ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധിക്കും. ഗ്രീന്‍ ബില്‍ഡിങ്‌സ്, ഗ്രീന്‍ ടെക്‌നോളജീസ് തുടങ്ങി നിരവധി ആശയങ്ങളും ഇതോടൊന്നിച്ച് നടപ്പില്‍വരും. 2014-2016 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിവ. കൂളിങ് ഗ്ലാസുകള്‍ ഉപയോഗിച്ചും എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിച്ചും ഓഫീസുകള്‍ സജ്ജീകരിക്കും. വെള്ളത്തിന്റെ ഉപയോഗം ക്രമീകരിക്കുന്ന സംവിധാനങ്ങളും പ്രവര്‍ത്തനത്തില്‍ വരുത്തും. ഇതോടെ അമിതമായ ചൂടും ജലനഷ്ടവുമെല്ലാം നിയന്ത്രിക്കാന്‍ സാധിക്കും. മാലിന്യനിര്‍മാര്‍ജനത്തിന് പുത്തന്‍ സങ്കേതങ്ങള്‍ ഉപയോഗിക്കും. കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലൂടെയും സ്മാര്‍ട് സംവിധാനത്തിലൂടെയും കാര്‍ബണ്‍ മാലിന്യത്തെ ഘട്ടംഘട്ടമായി കുറക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പില്‍വരുന്നത്.