Connect with us

Kozhikode

നഗരത്തിലെ തെരുവ് വിളക്കുകള്‍ എല്‍ ഇ ഡിയാക്കുന്നു

Published

|

Last Updated

കോഴിക്കോട്: നഗരത്തിലെ തെരുവു വിളക്കുകള്‍ എല്‍ ഇ ഡിയായി മാറുന്നു. നിലവില്‍ പ്രകാശിക്കാത്തതും പുതുതായി സ്ഥാപിക്കുന്നതുമായ എല്ലാ ബള്‍ബുകളും എല്‍ ഇ ഡിയാക്കാനാണ് തീരുമാനം. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ഇതിനുള്ള നടപടികളാരംഭിക്കും. ഇതിനായി കോര്‍പറേഷന്‍ ഒരു കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
തുടക്കത്തില്‍ എല്ലാ വാര്‍ഡ് കൗണ്‍സിലര്‍മാരില്‍ നിന്നും അതത് വാര്‍ഡുകളിലെ കേടുവന്ന തെരുവ് വിളക്കുകളെക്കുറിച്ച് റിപ്പോര്‍ട്ട് ശേഖരിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍. എല്‍ ഇ ഡി ബള്‍ബുകള്‍ ഊര്‍ജനഷ്ടം കുറക്കും എന്നതിനു പുറമെ പഴയ ബള്‍ബുകള്‍ പോലെ കേടാവുകയുമില്ല. ഒരു ട്യൂബ് ലൈറ്റിന്റെ ഇരട്ടി തുക എല്‍ ഇ ഡി ബള്‍ബിനു വേണമെങ്കിലും തുടക്കത്തിലെ ഈ നഷ്ടം നവീകരണ പ്രവൃത്തിയിലും ഊര്‍ജലാഭത്തിലും പരിഹരിക്കാനാകും.
നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ട്യൂബ് ലൈറ്റുകള്‍ മാറ്റി എല്‍ ഇ ഡി സ്ഥാപിക്കും. ഇപ്പോള്‍ നഗരത്തിലെ മിക്കയിടത്തും തെരുവു വിളക്കുകള്‍ പ്രകാശിക്കുന്നില്ല. ബീച്ച്, വലിയങ്ങാടി, മാവൂര്‍ റോഡ് തുടങ്ങിയ നഗര ഹൃദയഭാഗത്തു പോലും തെരുവ് വിളക്കുകള്‍ കത്തുന്നില്ല. നഗരത്തിലെ തെരുവ് വിളക്കുകള്‍ മാറ്റി സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ടായിരുന്നു. ഇതിനായി കഴിഞ്ഞ ബജറ്റില്‍ ഫണ്ടും വകയിരുത്തിയിരുന്നു. എന്നാല്‍ ഇതിന്റെ സംരക്ഷണമാണ് പദ്ധതിയെ ബാധിച്ചത്.
സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കുമ്പോള്‍ വൈദ്യുതിക്കാലില്‍ ബള്‍ബിനു സമീപത്തായി സോളാര്‍ ബാറ്ററി സ്ഥാപിക്കണം. ഇത് വിലകൂടിയതായിരിക്കും. ഇത് മോഷ്ടിക്കപ്പെടാന്‍ സാധ്യത കണക്കിലെടുത്താണ് എല്‍ ഇ ഡിയിലേക്ക് തിരിഞ്ഞത്.

Latest