എയര്‍ ഏഷ്യ വിമാനം കാണാതായി; തിരച്ചില്‍ വിഫലം

Posted on: December 29, 2014 8:49 am | Last updated: December 29, 2014 at 10:04 am

AIR ASIA INDOജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട എയര്‍ ഏഷ്യ വിമാനം കാണാതായി. 155 യാത്രക്കാരും ഏഴ് ജീവനക്കാരുമായി ഇന്നലെ രാവിലെ പ്രാദേശിക സമയം 5.20 ഓടെ ഇന്തോനേഷ്യയിലെ സുരബയയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട എയര്‍ ഏഷ്യയുടെ ക്യു ഇസഡ് 8501 വിമാനമാണ് കാണാതായത്. 12 മണിക്കൂറോളം നടത്തിയ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
രാവിലെ 6.17 ഓടെ വിമാനത്തിന് ജക്കാര്‍ത്തയിലെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. മിനുട്ടുകള്‍ക്കകം റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമായി. ജാവാ കടലിന് മുകളിലാണ് വിമാനം കാണാതായത്. രാവിലെ 8.30ന് സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു. വിമാനം കാണാതായതായി എയര്‍ ഏഷ്യ കമ്പനിയും ഇന്തോനേഷ്യന്‍ സര്‍ക്കാറും സ്ഥിരീകരിച്ചു.
ഇന്തോനേഷ്യ, സിംഗപ്പൂര്‍ സര്‍ക്കാറുകള്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. രാത്രിയായതോടെ ആകാശമാര്‍ഗമുള്ള തിരച്ചില്‍ ഇന്തോനേഷ്യയും സിംഗപ്പൂരും നിര്‍ത്തിവെച്ചു. ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിക്കും. തിരച്ചില്‍ താത്കാലികമായി നിര്‍ത്തിവെച്ചതായും രാവിലെ ഏഴ് മണിയോടെ തിരച്ചില്‍ പുനരാരംഭിക്കുമെന്നും ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രാലയ ഉദ്യോഗസ്ഥന്‍ ഹാദി മുസ്തഫ അറിയിച്ചു. മോശം കാലാവസ്ഥയിലും മത്സ്യബന്ധന ബോട്ടുകളും കപ്പലുകളും ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുന്നുണ്ട്.
തിരച്ചിലിനായി മൂന്ന് കപ്പലുകള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചു. നാവിക സേനയുടെ ഒരു കപ്പല്‍ ബംഗാള്‍ ഉള്‍ക്കടലിലും രണ്ടെണ്ണം ആന്‍ഡമാന്‍ കടലിലും തയ്യാറാണെന്ന് നാവികസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാണാതാകുന്നതിന് തൊട്ടുമുമ്പ് മേഘങ്ങള്‍ കാരണം വിമാനത്തിന്റെ സഞ്ചാരപാത മാറ്റാന്‍ പൈലറ്റ് ആവശ്യപ്പെട്ടിരുന്നതായി എയര്‍ ഏഷ്യ അധികൃതര്‍ പറഞ്ഞു. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനത്തിന്റെ സഞ്ചാരപാത 38,000 അടിയായി ഉയര്‍ത്തണമെന്ന് പൈലറ്റ് ആവശ്യപ്പെട്ടതായി ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രി സ്ഥിരീകരിച്ചു.
ജാവ കടലില്‍ ബെലിതുംഗ് ദ്വീപിന് കിഴക്കായി വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കിഴക്കന്‍ കാലിമന്താനിലെ തുറമുഖ നഗരമായ പോണ്ടിയാനക്കിനും താന്‍ജുംഗ് പാന്‍ഡനും ഇടയില്‍ വെച്ചാണ് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതെന്ന് ഇന്തോനേഷ്യന്‍ വ്യോമ ഗതാഗത ഡയറക്ടര്‍ അറിയിച്ചു.
വിമാനത്തിലുണ്ടായിരുന്ന 155 പേര്‍ ഇന്തോനേഷ്യക്കാരാണ്. മൂന്ന് ദക്ഷിണ കൊറിയക്കാരും സിംഗപ്പൂര്‍, മലേഷ്യ, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ആളുകളുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ പതിനാറ് കുട്ടികളും ഒരു നവജാത ശിശുവും ഉള്‍പ്പെടും. പൈലറ്റ് ഫ്രാന്‍സ് സ്വദേശിയാണ്.
മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ ഏഷ്യ ഇന്തോനേഷ്യയുടെ 49 ശതമാനം ഉടമസ്ഥാവകാശവും എയര്‍ ഏഷ്യക്കാണ്. പ്രവര്‍ത്തനം ആരംഭിച്ച് പതിമൂന്ന് വര്‍ഷത്തിനിടെ സുരക്ഷാ വീഴ്ചകള്‍ എയര്‍ ഏഷ്യ വരുത്തിവെച്ചിട്ടില്ല. ഇന്ത്യ, സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ എയര്‍ ഏഷ്യക്ക് സഹോദര സ്ഥാപനങ്ങളുണ്ട്.

AIR ASIA MISSING

ALSO READ  സുരക്ഷാ നിയമലംഘനം: എയര്‍ ഏഷ്യയിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍