Connect with us

Eranakulam

സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ പ്രത്യേക ഫണ്ട് രൂപവത്കരിക്കും: കേന്ദ്ര ഐ ടി മന്ത്രി

Published

|

Last Updated

കൊച്ചി: രാജ്യത്തെമ്പാടുമുള്ള സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഇലക്ട്രോണിക് ഡവലപ്‌മെന്റ് ഫണ്ട് കരുതിവക്കുമെന്ന് കേന്ദ്ര കമ്യൂണിക്കേഷന്‍ ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാനായി മറ്റു സംസ്ഥാനങ്ങളും കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് വില്ലേജിനെ മാതൃകയാക്കണമെന്ന് അദ്ദേഹം കളമശ്ശേരിയില്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജ് സന്ദര്‍ശിച്ചശേഷം ആവശ്യപ്പെട്ടു.
ഐ ടിയിലെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാനായി ഐ ടി, ഇലക്ട്രോണിക്‌സ്, മാനുഫാക്ച്വറിംഗ് മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എയ്ഞ്ചല്‍ ഫണ്ട് നല്‍കി സര്‍ക്കാരിന്റെ പങ്കാളിത്തം ഉറപ്പാക്കാനാണ് ഇലക്ട്രോണിക് ഡവലപ്‌മെന്റ് ഫണ്ട് എന്ന ആശയത്തിന് കേന്ദ്രം രൂപംകൊടുത്തിരിക്കുന്നത്. കേരളം ഇക്കാര്യത്തില്‍ വളരെ നല്ല പ്രവര്‍ത്തനമാണ് നടത്തുന്നത്. രാജ്യത്തെമ്പാടുമുള്ള രണ്ടര ലക്ഷം ഗ്രാമപഞ്ചായത്തുകളെ ദേശീയ ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല വഴി ബന്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളും ഈ ശൃംഖലയുടെ ഭാഗമാകും. ഇ എഡ്യൂക്കേഷന്‍, ഇ കൊമേഴ്‌സ്, ഇ ഹെല്‍ത്ത് എന്നിവ ഇതിലൂടെയായിരിക്കും ഇനി മുന്നോട്ടുപോകുകയെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ വിജയത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് വില്ലേജിലേക്കു കടന്നുവന്നപ്പോള്‍ കണ്ടത് ഇന്ത്യന്‍ യുവത്വം ഐ ടി മേഖലയുടെ മുന്‍പന്തിയില്‍ രാജ്യത്തെ എത്തിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ്. ഇന്ത്യയിലിന്ന് 90 കോടി മൊബൈല്‍ ഫോണുകളും 300 കോടി ഇന്റര്‍നെറ്റ് കണക്ഷനുമുണ്ട്. അവയെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും പ്രാപ്യമാക്കുന്നതിനും ഒപ്പം ഈ മേഖലയിലെ സംരംഭകത്വത്തെ പ്രോല്‍സാഹിപ്പിക്കേണ്ടതും ആവശ്യമാണ്- മന്ത്രി പറഞ്ഞു.