സംവരണ നഷ്ടം പരിശോധന അട്ടിമറിക്കുന്നു

Posted on: December 29, 2014 12:05 am | Last updated: December 29, 2014 at 12:05 am

തിരുവനന്തപുരം; സര്‍ക്കാര്‍ സര്‍വീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും പിന്നാക്ക പ്രാതിനിധ്യം പരിശോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സംവരണവിരുദ്ധ ലോബി അട്ടിമറിക്കുന്നു. മുഖ്യമന്ത്രി അധ്യക്ഷനായി ജനപ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി ഉന്നതതല സമിതിയെ നിയോഗിച്ച് നാല് വര്‍ഷം പിന്നിട്ടെങ്കിലും ഇതുവരെ ഒരു യോഗം പോലും ചേര്‍ന്നില്ല. നിയമസഭയില്‍ രേഖാമൂലം ചോദ്യം ഉന്നയിക്കപ്പെട്ടതിനെ തുടര്‍ന്ന് ജനുവരി 12ന് സമിതിയുടെ ആദ്യ യോഗം നിശ്ചയിച്ചെങ്കിലും അതും നടക്കാതിരിക്കാന്‍ സെക്രട്ടേറിയറ്റിലെ സംവരണവിരുദ്ധ ലോബി കരുക്കള്‍ നീക്കിത്തുടങ്ങി.

സംവരണ വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളുടെ നഷ്ടക്കണക്ക് പുറത്ത് അറിയുമെന്ന ഭീതിയാണ് ജനപ്രതിനിധികള്‍ അടങ്ങുന്ന സമിതിയുടെ പരിശോധന പോലും തടയാന്‍ സംവരണവിരുദ്ധ ലോബിയെ പ്രേരിപ്പിക്കുന്നത്. നരേന്ദ്രന്‍ കമ്മീഷനും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെക്കുറിച്ച് പഠിച്ച പാലോളി കമ്മറ്റിയും ചൂണ്ടിക്കാട്ടിയ സംവരണ നഷ്ടം നികത്താനുള്ള നീക്കം അട്ടിമറിച്ചതിന് സമാനമാണ് ഈ നടപടിയും. 12ന് നിശ്ചയിച്ച യോഗത്തില്‍ മാറ്റമുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ വിശദീകരിക്കുന്നതെങ്കിലും യോഗത്തിന്റെ അറിയിപ്പ് സമിതിയിലെ അംഗങ്ങള്‍ക്ക് ഇതുവരെയും നല്‍കിയിട്ടില്ല.
2010 ജൂലൈ 21ന് പൊതുഭരണവകുപ്പ് എം എസ്് 83/2010 ഉത്തരവിലൂടെയാണ് സര്‍ക്കാര്‍ സര്‍വീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം വിലയിരുത്താന്‍ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി രൂപവത്കരിക്കുന്നത്. 2011 ആഗസ്റ്റ് 20ന് സമിതി പുനഃസംഘടിപ്പിച്ചതല്ലാതെ നാല് വര്‍ഷമായി ഇതിന്മേല്‍ യാതൊരു തുടര്‍നടപടികളുമുണ്ടായിട്ടില്ല. സമിതിയുടെ പ്രവര്‍ത്തനം എങ്ങനെ വേണമെന്ന് ആലോചിക്കാനുള്ള യോഗം പോലും ഇത്രയും കാലമായിട്ടും ചേര്‍ന്നില്ലെന്നതാണ് വസ്തുത.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ വൈസ് ചെയര്‍മാന്‍ പട്ടികജാതി, പിന്നാക്ക ക്ഷേമ മന്ത്രി എ പി അനില്‍കുമാറാണ്. എം എല്‍ എമാരായ കെ അച്യുതന്‍, എ ടി ജോര്‍ജ്, ഡൊമിനിക് പ്രസന്റേഷന്‍, ടി എന്‍ പ്രതാപന്‍, എ പി അബ്ദുല്ലക്കുട്ടി, സി പി മുഹമ്മദ്, ഹൈബി ഈഡന്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, കെ മുഹമ്മദുണ്ണി ഹാജി, കെ എം ഷാജി, എ എ അസീസ്, കെ കെ ജയചന്ദ്രന്‍, കെ രാജു എന്നിവരും ചീഫ് സെക്രട്ടറി, പട്ടിക വിഭാഗം വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുഭരണ വകുപ്പ് സെക്രട്ടറി, പി എസ് സി സെക്രട്ടറി, പൊതുഭരണ എംപ്ലോയ്‌മെന്റ് സെല്‍ ജോയിന്റ് സെക്രട്ടറി, ബ്യൂറോ ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് സെക്രട്ടറി എന്നീ ഉദ്യോഗസ്ഥരും സമിതിയിലെ അംഗങ്ങളാണ്.
സംവരണ നഷ്ടം സംബന്ധിച്ച് ഓരോ വകുപ്പും പരിശോധന നടത്തണമെന്ന്, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ കേരളത്തില്‍ നടപ്പാക്കുന്നതിനെക്കുറിച്ച് പഠിച്ച പാലോളി മുഹമ്മദ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ത്തന്നെ നിര്‍ദേശിച്ചിരുന്നു. വകുപ്പ് സെക്രട്ടറിമാര്‍ ഇക്കാര്യം പരിശോധിച്ച് പരിഹാര സാധ്യത ഉള്‍പ്പെടുത്തി പൊതുഭരണ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു നിര്‍ദേശം. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് യു ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ജനപ്രതിനിധകളെക്കൂടി ഉള്‍പ്പെടുത്തി ഉന്നതാധികാര സമിതിയെ നിയോഗിച്ചത്. പിന്നീട് തുടര്‍നടപടികളൊന്നുമുണ്ടായില്ല. കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ കെ മുഹമ്മദ് ഉണ്ണി ഹാജി രേഖാമൂലം ഉന്നയിച്ച ചോദ്യത്തിനാണ് ജനുവരി 12ന് ആദ്യ യോഗം ചേരുമെന്ന മറുപടി നല്‍കിയത്.