‘ചിന്തകള്‍ സ്മാര്‍ട് ഫോണില്‍ വായിക്കാം’

Posted on: December 28, 2014 10:38 pm | Last updated: December 28, 2014 at 10:38 pm
SHARE

CAM01411ദുബൈ: ഐഫോണ്‍ 55 സ്മാര്‍ട് ഫോണിന്റെ കാലമാകുമ്പോള്‍ ചിന്തകള്‍ മറ്റൊരാള്‍ക്ക് സ്മാര്‍ട് ഫോണില്‍ വായിക്കാന്‍ കഴിയുന്ന സാഹചര്യം വരുമെന്ന് നയതന്ത്രജ്ഞനും മുന്‍ ഇന്ത്യന്‍ സ്ഥാനപതിയുമായ ടി പി ശ്രീനിവാസന്‍ പറഞ്ഞു. അപ്ലൈഡ് ഡിപ്ലോമസി; ത്രോ ദി പ്രിസം ഓഫ് മിഥോളജി എന്ന തന്റെ പുസ്തകം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ യു എ ഇ കവി ഡോ. ശിഹാബ് ഘാനം പുസ്തകം ഏറ്റുവാങ്ങി.
ഐഫോണ്‍ 56ന്റെ കാലമാകുമ്പോള്‍ കൈപ്പത്തിയില്‍ തന്റെ തന്നെ ചിന്തകള്‍ വായിക്കാനാകും. ചന്ദ്രനിലേക്ക് ധാരാളം പേര്‍ പോയും വന്നും കൊണ്ടിരിക്കും. നീല്‍ ആംസ്‌ട്രോംഗ് ആദ്യം ചന്ദ്രനില്‍ കാലുകുത്തുമ്പോള്‍ അവിടെ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന നായരുടെ ചായക്കട അവിടെ പഞ്ചനക്ഷത്ര ഹോട്ടലായി രൂപപ്പെട്ടിരിക്കും. മൂണ്‍ മലയാളി അസോസിയേഷനും അവിടെ കണ്ടേക്കും. ശ്രീനിവാസന്‍ പറഞ്ഞു. കവിത രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണിയാണെന്നും തന്റെ മാതാവ് മഹാത്മജിയെ കണ്ട വ്യക്തിയാണെന്നത് തന്നെ ഇപ്പോഴും അഭിമാനം കൊള്ളിക്കുന്ന കാര്യമാണെന്നും ഡോ. ശിഹാബ് ഘാനം പറഞ്ഞു.
യു എ ഇ ഇന്ത്യന്‍ സ്ഥാനപതിയും ശ്രിനിവാസന്റെ ഇളയ സഹോദരനുമായ ടി പി സീതാറാം, ശ്രീനിവാസനെ പരിചയപ്പെടുത്തി. പ്രഫ. നിരഞ്ജന്‍ ചതോപാധ്യായ, ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ പങ്കെടുത്തു.