കേരള വികസന മാതൃകയുടെ അമരക്കാരന്‍ ലീഡര്‍: കെ മുരളീധരന്‍

Posted on: December 28, 2014 9:22 pm | Last updated: December 28, 2014 at 9:22 pm

muraleedaranഅബുദാബി: കേരളവികസന മാതൃകയുടെ അമരക്കാരന്‍ ലീഡര്‍ കെ കരുണാകരനാണെന്ന് കെ പി സി സി മുന്‍ പ്രസിഡന്റ് കെ മുരളീധരന്‍ എം എല്‍ എ പ്രസ്താവിച്ചു. കരുണാകരനു ശേഷമെത്തിയ എല്ലാ മുഖ്യമന്ത്രിമാരും അദ്ദേഹത്തിന്റെ വികസന മാതൃകയെയാണു പിന്തുടര്‍ന്നത്.വിമാനത്താവളവും, അന്താരാഷ്ട്ര കളിക്കളവും മാത്രമല്ല, കേരള ജനതയെ ബാധിക്കുന്ന ചെറിയ കാര്യങ്ങളില്‍ പോലും ശ്രദ്ധാലുവായിരുന്നു അദ്ദേഹം. വിവാദ വിഷയങ്ങളില്‍ പ്രായോഗിക സമീപനം സ്വീകരിക്കുന്നതില്‍ അദ്ദേഹം എന്നും വിജയിച്ചിട്ടുണ്ട്,എതിര്‍ കക്ഷിയിലുള്ളവര്‍പോലും ലീഡര്‍ എന്ന് അഭിസംബോധനചെയ്യുന്ന ഏക നേതാവ് കൂടിയാണു കരുണാകരന്‍, അദ്ദേഹം പറഞ്ഞു.
ഇന്ന് വിവാദമായിരിക്കുന്ന മദ്യനയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് പ്രായോഗിക സമീപനമാണു, അല്ലാതെ ഏതെങ്കിലും സമ്മര്‍ദങ്ങള്‍ക്കോ ബാഹ്യ ശക്തികളുടെ ഇടപെടലുകള്‍ക്കോ വിധേയമായിട്ടില്ല.
കരുണാകരന്‍ അനുസ്മരണവേദിയും,ഒ.ഐ.സി.സി അബുദാബിയും, അബുദാബി മലയാളിസമാജവും സംയുക്തമായി സംഘടിപ്പിച്ച കരുണാകരന്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാജം സമ്മര്‍ക്യാമ്പ് ഡയറക്ട്ടര്‍ ഡോ. എ ശ്രീധരന്‍ രചിച്ച, ലീഡറെക്കുറിച്ചുള്ള രണ്ട് ഗാനങ്ങള്‍ ചടങ്ങിനു മുന്നോടിയായി അവതരിപ്പിച്ചു. ഈഗാനങ്ങള്‍ കേരളത്തിലുടനീളം കരുണാകരാനുസ്മരണവേദിയുടെ പരിപാടികളില്‍ അവതരിപ്പിക്കുമെന്ന് കെ.മുരളീധരന്‍ അറിയിച്ചു.
കരുണാകരന്‍ അനുസ്മരണത്തിന്റെ ഭാഗമായി സമാജം സംഘടിപ്പിച്ച ചിത്രരചന, ലേഖന മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സ്വര്‍ണമെഡല്‍ ചടങ്ങില്‍ കെ മുരളീധരന്‍ വിതരണം ചെയ്തു.