Connect with us

Kozhikode

ചെണ്ട മേളത്തില്‍ കൊട്ടിക്കയറി പതിനേഴാമതും കൊയിലാണ്ടി

Published

|

Last Updated

കുന്ദമംഗലം: കഴിഞ്ഞ പതിനാറ് വര്‍ഷമായി മുടങ്ങാത്ത കൊയിലാണ്ടിയുടെ മേളപ്പെരുക്കം ഇത്തവണയും സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ മുഴങ്ങും. ഹൈസ്‌കൂള്‍ വിഭാഗം ചെണ്ടമേളത്തില്‍ ഇത്തവണയും ജില്ലയില്‍ നിന്ന് സംസ്ഥാന തല മത്സരത്തിന് യോഗ്യത നേടിയത് കൊയിലാണ്ടി ബോയ്‌സ് സ്‌കൂളിലെ മിടുക്കന്‍മാരാണ്.
കഴിഞ്ഞ പതിനാറ് വര്‍ഷമായി കൈവിടാത്ത കിരീടം വാശിയേറിയ മല്‍സരത്തിലാണ് ഇത്തവണ കൊയിലാണ്ടി നിലനിര്‍ത്തിയത്.
സംസ്ഥാനതല മേളയില്‍ 16 തവണ മത്സരിച്ചതില്‍ 11 തവണയും കൊയിലാണ്ടിക്ക് തന്നെയായിരുന്നു കിരീടം. അഞ്ച് തവണ സംസ്ഥാന തലത്തില്‍ മികവ് തെളിയിച്ച പൂര്‍വ വിദ്യാര്‍ഥി കൂടിയായ കൊരയങ്ങാട്ട് വിഷ്ണുവിന്റെ ശിക്ഷണത്തിലാണ് ഇത്തവണ ഇവരെത്തിയത്. സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി പരിപാടികള്‍ക്ക് കൊട്ടിക്കയറാറുള്ള സംഘം വര്‍ഷങ്ങളായി കൊല്ലൂര്‍ മുകാംബിക, മധുര മീനാക്ഷി ക്ഷേത്രം എന്നിവിടങ്ങളിലെ പതിവ് മേളക്കാരാണ്.
അക്ഷയ്, അമല്‍, അഥുല്‍, ശ്രീപാല്‍, അര്‍ജുന്‍, അജയ്, അമല്‍ വിജയ് എന്നിവരാണ് സംഘത്തിലുള്ളത്. സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇത്തവണ കോഴിക്കോട് നടക്കുന്നതിനാല്‍ സ്വന്തം നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും മുന്നില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് സംഘം.