Connect with us

Wayanad

വയോധികാഭവനത്തിലെ അന്തേവാസികള്‍ക്ക് മുഖ്യമന്ത്രിയുടെ ക്രിസ്മസ് സമ്മാനം

Published

|

Last Updated

കല്‍പ്പറ്റ: മുളളന്‍കൊല്ലി പഞ്ചായത്തിലെ മരക്കടവിലെ സെന്റ് കാതറൈന്‍സ് വയോധികാഭവനത്തിലെ അന്തേവാസികള്‍ക്ക് മുഖ്യമന്ത്രിയുടെ ക്രിസ്മസ് സമ്മാനം. ഭവനത്തിലെ ഓരോ അന്തേവാസിക്കും മുഖ്യമന്ത്രി സഹായനിധിയില്‍നിന്ന് അനുവദിച്ചത് പതിനായിരം രൂപ. കഴിഞ്ഞദിവസം വയോധികാഭവനത്തിന്റെ പടികടന്നെത്തിയ ബത്തേരി എം എല്‍ എ ഐ.സി.ബാലകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ ക്രിസ്മസ് സന്ദേശവും പതിനായിരം രൂപയുടെ 14 ചെക്കുകളും സിസ്റ്റര്‍ സുപ്പീരിയര്‍ ലീനയ്ക്ക് കൈമാറിയപ്പോള്‍ അന്തേവാസികളുടെ മുഖങ്ങളില്‍ തങ്ങള്‍ ആര്‍ക്കും വേണ്ടാത്തവരല്ലെന്ന ബോധ്യത്തിന്റെ മിനുക്കം. മിഴികളില്‍ പൊടിഞ്ഞ സന്തോഷാശ്രുക്കളില്‍ തെളിഞ്ഞുനിന്നത് “ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം” എന്ന ക്രിസ്മസ് സന്ദേശം.
സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍ മരക്കടവില്‍ 1992ല്‍ ആരംഭിച്ചതാണ് വയോധികാഭവനം. ജീവിതസായാഹ്‌നത്തില്‍ തനിച്ചായ 15 പേരാണ് ഇപ്പോഴിവിടെ. ഇതില്‍ 14 പേരേ തേടിയാണ് മുഖ്യമന്ത്രിയുടെ സമ്മാനമെത്തിയത്. അന്തേവാസികളില്‍ ഒരാള്‍ പുതുമുഖമാണ്.മുള്ളന്‍കൊല്ലി പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് കര്‍ണാടകയോട് ചേര്‍ന്നുള്ള മരക്കടവ് ഗ്രാമം.
60നും 90നും ഇടയില്‍ പ്രായമുള്ളവരാണ് വയോധികാഭവനത്തിലെ അന്തേവാസികള്‍. വിവിധ മതങ്ങളില്‍നിന്നുള്ള ഇവരില്‍ അവിവാഹിതകളും അമ്മമാരും മുത്തശ്ശിമാരും ഉണ്ട്. ഓരോരുത്തര്‍ക്കും പറയാനുണ്ട് കേട്ടാല്‍ കരള്‍ പിളരുന്ന കഥകള്‍. അന്തേവാസികളില്‍ ചിലരെ തേടി വല്ലപ്പോഴുമൊക്കെ ബന്ധുക്കളുടെ അന്വേഷണം എത്തും. വയോധികാഭവനത്തില്‍ ആയതിനുശേഷം ആരും തിരക്കിവരാത്തവരാണ് ഏറെയും.
പ്രമേഹം ഉള്‍പ്പെടെ രോഗങ്ങളുടെ പിടിയിലാണ് അന്തേവാസികളില്‍ മിക്കവരും. രണ്ടുപേര്‍ക്ക് മാനസികാസ്വാസ്ഥ്യവുമുണ്ട്. ആഹാരംപോലും സ്വയം കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഒരാള്‍.
ഇവരുടെയെല്ലാം സ്വന്തം മക്കളായി മാറിയിരിക്കയാണ് ഭവനത്തില്‍ സേവനംചെയ്യുന്ന കന്യാസ്ത്രീകള്‍. റെനി, ഷീബ എന്നിവര്‍ ഭവനത്തിലെ ജോലിക്കാരാണ്. വെച്ചും വിളമ്പിയും അലക്കിയും കുളിപ്പിച്ചും ഇവരും അന്തേവാസികള്‍ക്ക് പകര്‍ന്നുനല്‍കുന്നത് കറകളഞ്ഞ സ്‌നേഹം.
ഇപ്പോള്‍ 90നടുത്ത് പ്രായമുള്ള വയനാട് പടിഞ്ഞാറത്തറ സ്വദേശിനിയാണ് ഭവനത്തിലെ ആദ്യ അന്തേവാസി. ഏറ്റവും ഒടുവില്‍ വന്നയാള്‍ക്ക് 60 വയസുണ്ട്.
മരണം നടന്നാല്‍ ഇയാളെയാണ് വിവരം അറിയിക്കുന്നതെന്ന് സിസ്റ്റര്‍ സുപ്പീരിയര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ അന്തേവാസികളില്‍ ചിലരുടെ വിയോഗവും ഉണ്ടായി.
ദിവസവും രാവിലെ ആറ് മണിയോടെ തുടങ്ങുന്നതാണ് ഭവനത്തിലെ ദിനചര്യകള്‍. രാവിലെ എട്ടിനാണ് പ്രാതല്‍. അത്താഴം രാത്രി ഏഴിനും. ഇതിനിടയിലുള്ള സമയം മിണ്ടിയും പറഞ്ഞും സന്തോഷവും സന്താപവും പങ്കുവെച്ചും കഴിയാവുന്നതുപോലെ ജോലികള്‍ ചെയ്തുമാണ് അന്തേവാസികളുടെ ജീവിതം.
സ്ഥാപനത്തിന്റെ പേരില്‍ കനറാ ബാങ്കിന്റെ പെരിക്കല്ലൂര്‍ ശാഖയില്‍ തുറന്ന 1701101022662 നമ്പര്‍ അക്കൗണ്ടിലൂടെയാണ് (ഐ എഫ് സി കോഡ്-സി.എന്‍.ആര്‍.ബി-0001701) സംഭാവനകള്‍ സ്വീകരിക്കുന്നത്. ചിലര്‍ നേരിട്ടെത്തിയും സഹായം ചെയ്യാറുണ്ട്.
മരക്കടവിലെ വയോധികാഭവനത്തെക്കുറിച്ചുള്ള വിവരം വാര്‍ഡ് മെമ്പര്‍ ജോസ് നെല്ലേടം ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടേയും അദ്ദേഹം മുഖ്യമന്ത്രിയുടേയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സ ചാക്കോ, ബത്തേരി തഹസില്‍ദാര്‍ എന്‍ കെ അബ്രഹാം, ഡപ്യൂട്ടി തഹസില്‍ദാര്‍ കെ ജി സുരേഷ്, മരക്കടവ് സെന്റ് ജോസഫ്‌സ് ഇടവക വികാരി ഫാ.തോമസ് തൈക്കുന്നുംപുറം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അന്തേവാസികള്‍ക്കുള്ള ചെക്കുകളുടെ കൈമാറ്റം.

Latest