സര്‍ഗോത്സവത്തിന് തിരി തെളിഞ്ഞു

Posted on: December 27, 2014 12:33 pm | Last updated: December 27, 2014 at 12:33 pm

കണിയാമ്പറ്റ: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റിസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീമെട്രിക് ഹോസ്റ്റുലുകളിലും പഠിക്കുന്ന വിദ്യാര്‍ഥികളുടെ സംസ്ഥാന കലാമേളയായ സര്‍ഗോത്സവം 2014 ന് തിരി തെളിഞ്ഞു. കണിയാമ്പറ്റ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പട്ടികവര്‍ഗ്ഗ-യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ് ഭദ്രദീപം തെളിയിച്ചു.
പട്ടികവര്‍ഗ്ഗ സമൂഹത്തെ മുഖ്യധാരയിലെത്തിക്കുന്നതിന് വിദ്യാഭ്യാസത്തിനൊപ്പം കലാസാംസ്‌ക്കാരിക വികസനത്തിനും ഊന്നല്‍ നല്‍കുകയാണ് സാംസ്‌ക്കാരികമേളയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കബനി, പെരിയാര്‍, നിള, ഭവാനി, പമ്പ എന്നീ അഞ്ച് വേദികളിലായി ഇന്നും നാളെയുമായി നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ മാറ്റുരക്കുന്ന മേള നാളെ സമാപിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ് അധ്യക്ഷത വഹിച്ചൂ. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വല്‍ത്സാ ചാക്കോ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഉഷാകുമാരി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മേരിതോമസ്, എ. ദേവകി, കെ എല്‍ പൗലോസ്, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ഗഫൂര്‍ കാട്ടി, ഗിരിജാ രാജന്‍, കെ.എ. ജെസ്സിമോള്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മേരി ജോസ്, പട്ടികവര്‍ഗവികസന വകുപ്പ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സുദര്‍ശനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് നാടന്‍പാട്ട് മത്സരവും അരങ്ങേറി. ഉദ്ഘാടനത്തോടനുബന്ധിച്ച് നൂറ് കണക്കിന് വിദ്യാഥികള്‍ പങ്കെടുത്ത സാംസ്‌ക്കാരിക ഘോഷയാത്രയും നടന്നു.