പൂക്കോട് വെറ്ററിനറി യൂനിവേഴ്‌സിറ്റി ഭൂമിയിലെ നിര്‍മാണം ഗ്രീന്‍ ട്രൈബ്യൂണല്‍ തടഞ്ഞു

Posted on: December 27, 2014 12:32 pm | Last updated: December 27, 2014 at 12:32 pm

കല്‍പ്പറ്റ: കേരളാ വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നടന്നു കൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഹരിത ട്രിബ്യൂണലിന്റെ സ്റ്റേ. പൂക്കോട്ടെ ഭൂമിയിലെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തികളും നിര്‍ത്തിവെക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണലാണ് ഉത്തരവിട്ടത്. വയനാട് പ്രകൃതി സംരക്ഷണ സമിതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് എം ചോക്കലിങം, വിദഗ്ധാംഗം ബി.എസ് സജ്‌വാല്‍ എന്നിവരുടെ ഇടക്കാല ഉത്തരവ്. 1980ലെ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ട്, 1971ലെ കേരള ഫോറസ്റ്റ് വെസ്റ്റിങ് ആന്‍ഡ് അസൈമെന്റ് ആക്ട് എന്നിവ പ്രകാരം സര്‍വ്വകലാശാലയുടെ കൈവശമുള്ള ഭൂമി റിസര്‍വ്വ വനമാണെന്നും, അവിടെ നടക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ നിയമ വിരുദ്ധമാണെന്നും ട്രിബ്യൂണല്‍ ഇടക്കാല ഉത്തരവിലൂടെ വ്യക്തമാക്കി. 2015 ഫെബ്രുവരി 26നാണ് ഇനി കേസ് പരിഗണിക്കുക. വയനാട് ഗ്രീന്‍ക്രോസ് നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി നേരത്തെ നിര്‍മാണ പ്രവൃത്തി തടഞ്ഞിരുന്നു.ആദിവാസികളെ മാത്രം പുനരധിവസിപ്പിക്കാനാണ് കര്‍ശനമായ വ്യവസ്ഥകളോടെ 531 ഹെക്ടര്‍ വനഭൂമി ഉപയോഗിക്കാന്‍ കേരള സര്‍ക്കാറിന് കേന്ദ്രം അനുമതി നല്‍കിയത്. വനഭൂമിയായി തന്നെ നിലനിര്‍ത്തണമെന്ന് വ്യവസ്ഥ ഉണ്ടായിരുന്ന ഭൂമിയുടെ മാര്‍ക്കറ്റ് വില ഒഴിവാക്കിയിരുന്നു. ഇവിടെയാണ് പൂക്കോട് ഡെയറിഫാം പ്രൊജക്ട് 1978ല്‍ ആരംഭിച്ചത്. 1998ല്‍ ഡെയറി പിരിച്ചു വിടുകയും ഭൂമിയില്‍ നിന്നും 100 ഏക്കര്‍ വെറ്ററിനറി കോളജിന് നല്‍കുകയും ചെയ്തു. കോളജ് പിന്നീട് സര്‍വ്വകലാശാലയാവുകയായിരുന്നു. എന്നാല്‍ ഭൂമി കൈമാറ്റത്തിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി വാങ്ങിയിരുന്നില്ല.
വെറ്ററിനറി കോളജിനോ, സര്‍വ്വകലശാലക്കോ ഭൂമി കൈമാറിയ ഘട്ടത്തിലോ, കെട്ടിടങ്ങള്‍ നിര്‍മിച്ച ഘട്ടത്തിലോ പരിസ്ഥിതി പ്രവര്‍ത്തകര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ കേന്ദ്രസഹായത്തോടെ 100 കോടി രൂപ ചെലവില്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയം, സ്വിമ്മിങ്പൂള്‍, കോണ്‍ഫ്രന്‍സ് ഹാള്‍, ഹെലിപ്പാഡ് തുടങ്ങിയവയും കുറ്റന്‍ കെട്ടിടങ്ങളും നിര്‍മിക്കാന്‍ തുടങ്ങിയപ്പോള്‍ പരിസ്ഥിതി സംഘടനകള്‍ വനം വകുപ്പിന് പരാതി നല്‍കി. ഇതേ തുടര്‍ന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ നിര്‍മാണം തടഞ്ഞെങ്കിലും വനം വകുപ്പിനെ മറികടന്ന് നിര്‍മ്മാണ പ്രവൃത്തികളുമായി മുന്നോട്ടുപോവുകയായിരുന്നു.