ജനസഞ്ചയം തീര്‍ത്ത് ഗൗസിയ്യ

Posted on: December 27, 2014 12:26 pm | Last updated: December 27, 2014 at 12:26 pm

തിരൂരങ്ങാടി: നാല് ദിവസം നീണ്ട്‌നിന്ന കുണ്ടൂര്‍ ഉസ്താദ് ഒമ്പതാം ഉറൂസിന് സമാപനം കുറിച്ച് കൊണ്ട് നടന്ന ഹുബ്ബുറസൂല്‍ സമ്മേളനത്തിന് തടിച്ച്കൂടിയ ജനാവലിയെ കൊണ്ട് കുണ്ടൂര്‍ പ്രദേശം വീര്‍പ്പ്മുട്ടി.
കുണ്ടൂര്‍ ഉസ്താദിന്റെ മഖാമില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിവെച്ച ബുര്‍ദ മജ്‌ലിസിന്റെ വാര്‍ഷികവും കാന്തപുരം ഉസ്താദിന്റെ മദ്ഹുറസൂല്‍ പ്രഭാഷണവും ഒന്നിച്ചായപ്പോള്‍ പ്രവാചക സ്‌നേഹികളുടെ നിലക്കാത്ത പ്രവാഹം തന്നെയായിരുന്നു. വിദൂര ദിക്കുകളില്‍ നിന്ന് പോലും വാഹനങ്ങളിലും മറ്റുമായി ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. വിശാലമായ പൊതുസമ്മേളന നഗരി സമ്മേളനം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ നിറഞ്ഞിരുന്നു. കുണ്ടൂര്‍ അത്താണി റോഡിലേക്കും ചെറുമുക്ക് റോഡിലേക്കും ജനം പരന്നൊഴുകി.