Connect with us

Kozhikode

ദേശീയപാതയില്‍ അപകട പരമ്പര: പത്ത് പേര്‍ക്ക് പരുക്ക്

Published

|

Last Updated

താമരശ്ശേരി: കോഴിക്കോട് – ബെംഗലൂരു ദേശീയപാതയില്‍ അപകട പരമ്പര. താമരശ്ശേരി പുല്ലാഞ്ഞിമേടിലും പുതുപ്പാടിയിലുമുണ്ടായ അപകടങ്ങളില്‍ പത്ത് പേര്‍ക്ക് പരുക്ക്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. രാവിലെ ഏഴ് മണിയോടെ പുല്ലാഞ്ഞിമേട് കെ ആര്‍ ബസ്‌സ്റ്റോപ്പിന് സമീപത്തായിരുന്നു ആദ്യ അപകടം. വയനാട് ഭാഗത്ത് നിന്ന് പാലുമായി കോഴിക്കോട്ടേക്ക് വരികയായിരുന്ന പിക്കപ്പ് വാനും എതിരെ വന്ന ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് റോഡിലേക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന പാല്‍, തൈര് എന്നിവ റോഡില്‍ പരന്നൊഴുകി. പരുക്കേറ്റ ഡ്രൈവര്‍ വയനാട് ബത്തേരി സ്വദേശി മൊയ്തീന്‍(50), പാല്‍ വിതരണക്കാരന്‍ വൈത്തിരി നടുപ്പള്ളി വിജില്‍(26) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് എത്തി വണ്‍വെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തിവിട്ടാണ് ഒമ്പതരയോടെ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചത്.
ഉച്ചക്ക് ഒരുമണിയോടെ വെസ്റ്റ് കൈതപ്പൊയിലില്‍ ടിപ്പര്‍ ലോറിയും ജീപ്പും കാറും കൂട്ടിയിടിച്ചു. താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പ് കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ പിന്നില്‍ വന്ന ടിപ്പര്‍ ലോറി ജീപ്പിലിടിച്ചു. ടിപ്പര്‍ ഇടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ജീപ്പ് കാറിലിടിക്കുകയായിരുന്നു. കാറും ജീപ്പും ഏറെദൂരം തെറിച്ചുപോയി. ജീപ്പ് ഡ്രൈവര്‍ കൊയിലാണ്ടി അരിക്കുളം പറമ്പത്ത് നമ്പൂതിരിക്കണ്ടി അജ്‌നാസ്(23) നെയും കാര്‍ യാത്രക്കാരും പാലക്കാട് കൊപ്പം സ്വദേശികളായ കുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെ നാല് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചക്ക് രണ്ട് മണിയോടെ ഈങ്ങാപ്പുഴ ബസ്സ്റ്റാന്‍ഡിലേക്ക് കയറുകയായിരുന്ന സ്വകാര്യ ബസ്സിനടിയില്‍പെട്ട ബൈക്ക് യാത്രക്കാരായ കുടുംബം നിസ്സാര പരുക്കുകേളോടെ രക്ഷപ്പെട്ടു. വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിലാണ് ബസ്സിടിച്ചത്. ബൈക്കിലുണ്ടായിരുന്ന കുട്ടികളില്‍ ഒരാള്‍ ബസ്സിനടിയിലേക്ക് വീണു. ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടിയെ ബസ്സിനടിയില്‍ നിന്ന് പുറത്തെടുത്തത്. പരുക്കേറ്റവര്‍ക്ക് ഈങ്ങാപ്പുഴയിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി.

Latest