ദേശീയ ഗെയിംസിനില്ലെന്ന് സൈന നെഹ്‌വാള്‍

Posted on: December 27, 2014 12:47 am | Last updated: December 27, 2014 at 12:47 am

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ മത്സരിക്കാനില്ലെന്ന് ലോക രണ്ടാം നമ്പര്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍. താനൊരു മനുഷ്യനാണ് മെഷ്യനല്ല. അതിനാല്‍ വിശ്രമമാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. നിരന്തരമുള്ള മത്സരങ്ങള്‍ ഒട്ടേറെ സമ്മര്‍ദ്ദങ്ങള്‍ക്ക് കാരണമാകുന്നു-സൈന പറഞ്ഞു.
ബാഡ്മിന്റണ്‍ ഉല്‍പന്നങ്ങളുടെ ലോകോത്തര ബ്രാന്റായ യോനക്‌സിന്റെ എക്‌സ്‌കഌസീവ് ഷോറൂം ഉദ്ഘാടനം ചെയ്യാന്‍ തലസ്ഥാനത്തത്തെിയ സൈന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ദേശീയഗെയിംസില്‍ പങ്കെടുക്കാന്‍ നല്ല തയാറെടുപ്പ് വേണം. അതിനാല്‍ അതേക്കുറിച്ച് എന്തായാലും ഇപ്പോള്‍ ആലോചിക്കുന്നില്ല. കഴിഞ്ഞ സീസണുകള്‍ കൂടുതലും നല്ലതായിരുന്നു. സ്വിസ് ഓപ്പണും ഫ്രഞ്ച് ഓപ്പണും ചൈനീസ് ഓപ്പണും വളരെനല്ല പ്രകടനം കാഴ്ചവെക്കാനായി. ദുബൈയില്‍ നടന്ന വേള്‍ഡ് സൂപ്പര്‍ സീരീസ് സെമിയില്‍ പരാജയപ്പെട്ടു. തുടര്‍ച്ചയായുള്ള മത്സരങ്ങളാണ് പരാജയങ്ങള്‍ക്ക് കാരണമാകുന്നത്. ഇനി അത്തരമൊരു പരീക്ഷണത്തിനില്ലെന്നും സൈന വ്യക്തമാക്കി.
മണക്കാട്, കല്ലാട്ടുമുക്കിലെ ഓക്‌സ്‌ഫോര്‍ഡ് സ്‌ക്കൂളിലെ വിദ്യാര്‍ഥികളുമായും സൈന സംവാദിച്ചു.