അടര്‍ത്തിയെടുക്കല്‍ ലക്ഷ്യമിട്ട് അമിത് ഷായുടെ തെലങ്കാന, ആന്ധ്ര സന്ദര്‍ശനം

Posted on: December 27, 2014 12:41 am | Last updated: December 27, 2014 at 12:41 am

ന്യൂഡല്‍ഹി: പാര്‍ട്ടിയെ ശക്തിപ്പെടുത്താനും കൂടുതല്‍ സഖ്യങ്ങളെ തേടിയും ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആന്ധ്രാ പ്രദേശും തെലങ്കാനയും സന്ദര്‍ശിക്കുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും സന്ദര്‍ശനത്തിന് ശേഷമാണ് ഷാ ആന്ധ്രയിലും തെലങ്കാനയിലുമെത്തുന്നത്. തമിഴ്‌നാട്ടില്‍ നെപ്പോളിയനെ പോലെയുള്ള ചില പ്രമുഖരെ ബി ജെ പിയുടെ ഭാഗമാക്കാന്‍ ഷാക്ക് സാധിച്ചിരുന്നു.
അടുത്ത മാസമാണ് അമിത് ഷാ ഈ സംസ്ഥാനങ്ങളിലെത്തുക. ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബി ജെ പിയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രായായതിന് ശേഷം നരേന്ദ്ര മോദിയുടെ ആദ്യ ആന്ധ്രാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് അമിത് ഷാ എത്തുക. ഫെബ്രുവരിയിലോ മാര്‍ച്ചിലോ സംസ്ഥാനത്തെത്തുന്ന മോദി പൊതു പരിപാടിയില്‍ പങ്കെടുക്കും. ജനുവരി 28ന് വിജയവാഡയിലെത്തുന്ന അമിത് ഷാ 29ന് പാര്‍ട്ടിയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കും. 30ന് തെലങ്കാനയിലെത്തും. അമിത് ഷായുടെ സന്ദര്‍ശനത്തിലൂടെ തെലങ്കാനയിലെയും ആന്ധ്രയിലെയും രാഷ്ട്രീയ സമവാക്യങ്ങള്‍ പൊളിച്ചെഴുതുമെന്നാണ് റിപ്പോര്‍ട്ട്.
പല രാഷ്ട്രീയ അതികായരും ബി ജെ പിയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢി, ബോത്‌സ നാരായണ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ പേര് കേള്‍ക്കുന്നുണ്ട്. സബ്ബാം ഹരി, ലഗഡപതി രാജ്‌ഗോപാല്‍, ഹര്‍ഷ കുമാര്‍ തുടങ്ങിയ എം പിമാരുടെ പേരും രാഷ്ട്രീയവൃത്തങ്ങളില്‍ സജീവമായി കേള്‍ക്കുന്നുണ്ട്.