Connect with us

National

ബീഹാറില്‍ ഇരുനൂറോളം മഹാദളിതുകള്‍ ക്രിസ്ത്യാനികളായി; പിന്നാലെ അന്വേഷണത്തിന് ഉത്തരവ്‌

Published

|

Last Updated

പാറ്റ്‌ന: ബീഹാറിലെ ഗയയില്‍ 40 മഹാദളിത് കുടുംബങ്ങളെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ജിതന്‍ രാം മഞ്ചി ഉത്തരവിട്ടു. മഞ്ചിയുടെ സ്വന്തം നാടാണ് ഗയ. ഇരുനൂറോളം പേരാണ് മതം മാറിയത്. ബോധ് ഗയക്ക് സമീപം ആതിയ ഗ്രാമത്തിലാണ് സംഭവം. 2008 മുതല്‍ ആതിയ ഗ്രാമത്തിലെ മഹാദളിത് കുടുംബങ്ങള്‍ ക്രിസ്ത്യന്‍ മതം സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ഗ്രാമത്തിലെ ബാക്കിയുള്ള 40 കുടുംബങ്ങള്‍ കൂടി മതം മാറുകയായിരുന്നു. മഹാദളിത് അംഗമായ മഞ്ചി, ഗയ സന്ദര്‍ശിക്കുന്ന വേളയിലാണ് മതംമാറ്റ വാര്‍ത്ത പുറത്തുവന്നത്. സ്വയം സന്നദ്ധതരായാണോ അതല്ല, സമ്മര്‍ദമോ പ്രലോഭനമോ കാരണമാണോ മതംമാറ്റം നടന്നതെന്ന് അന്വേഷിക്കാന്‍ ജില്ലാ ഭരണകൂടത്തിന് അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വന്തം ഇഷ്ടപ്രകാരം മറ്റ് മതത്തിലേക്ക് മാറുന്നതില്‍ തെറ്റില്ല. എന്നാല്‍ ബലം പ്രയോഗിച്ചോ, സമ്മര്‍ദമോ, പ്രലോഭനമോ കാരണം അങ്ങനെയുണ്ടായാല്‍ അത് തെറ്റും നിയമവിരുദ്ധവുമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭിമാനത്തോടെയും അന്തസ്സോടെയുമുള്ള ജീവിതം കൊതിച്ചാണ് മതം മാറിയതെന്ന് ഗ്രാമത്തിലെത്തിയ ഔദ്യോഗിക സംഘത്തോട് കുടുംബങ്ങള്‍ പറഞ്ഞിട്ടുണ്ട്. ബീഹാറിലും മറ്റ് പല സംസ്ഥാനങ്ങളിലും ദളിത് വിഭാഗങ്ങള്‍ വലിയ സാമൂഹിക ഉച്ഛനീചത്വങ്ങള്‍ നേരിടുന്നുണ്ട്. ഒരാഴ്ച മുമ്പ് ഭഗല്‍പൂര്‍ ജില്ലയില്‍ ആറ് ഹിന്ദുക്കള്‍ ക്രിസ്ത്യാനികളായെങ്കിലും, തീവ്രഹിന്ദുത്വ സംഘടനകള്‍ സാമൂഹിക ബഹിഷ്‌കരണ ഭീഷണി മുഴക്കിയതിനാല്‍ ഇവര്‍ ഹിന്ദു മതത്തിലേക്ക് വന്നു. പണവും മറ്റ് പ്രലോഭനങ്ങളും നല്‍കിയാണ് മിഷനറിമാര്‍ മതം മാറ്റുന്നതെന്ന് ഹിന്ദു സംഘടനകളുടെ ആരോപണം. ഇതിനെതിരെ ശക്തമായി രംഗത്ത് വരുമെന്ന് അവര്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.

Latest