മസ്ജിദ് എംപ്ലോയീസ് സര്‍വീസ് രജിസ്റ്റര്‍: അപേക്ഷാഫോറം വിതരണം തുടങ്ങി

Posted on: December 27, 2014 12:35 am | Last updated: December 27, 2014 at 12:35 am

കോഴിക്കോട്: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) സംസ്ഥാന ക്ഷേമ ബോര്‍ഡ് മസ്ജിദുകളില്‍ സേവനം ചെയ്യുന്ന ഉസ്താദുമാര്‍ക്കായി നടപ്പിലാക്കുന്ന മസ്ജിദ് എംപ്ലോയീസ് സര്‍വ്വീസ് രജിസ്റ്ററിന്റെ അപേക്ഷാഫോറം വിതരണോദ്ഘാടനം അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എറണാകുളം കെ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ക്ക് നല്‍കി നിര്‍വഹിച്ചു.
സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, പ്രൊഫ. കെ എം എ റഹീം, ഇ യഅ്ഖൂബ് ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, വി വി അബൂബക്കര്‍ സഖാഫി, പി ടി സി മുഹമ്മദലി മാസ്റ്റര്‍, വി എം ഹസ്സന്‍ മാസ്റ്റര്‍ സംബന്ധിച്ചു.
എസ് എം എയുടെ അംഗീകാരമുള്ള മസ്ജിദുകളില്‍ സേവനം ചെയ്യുന്ന ഖത്വീബ്, ഇമാം, മുഅദ്ദിന്‍ എന്നിവര്‍ക്കും ശരീഅത്ത് കോളജ് മുദരിസ്, അറബിക് കോളജ്/ദഅ്‌വാ കോളജ് തുടങ്ങിയവയിലെ മതാധ്യാപകര്‍ എന്നിവര്‍ക്കുമാണ് ആധികാരിക സേവന പുസ്തകമായി സര്‍വ്വീസ് രജിസ്റ്റര്‍ നല്‍കുന്നത്.
കേരളത്തില്‍ ഇങ്ങനെ ആദ്യമായാണ് മസ്ജിദ് ജീവനക്കാര്‍ക്ക് സര്‍വ്വീസ് രജിസ്റ്റര്‍ നടപ്പിലാക്കുന്നത്.
സര്‍വീസ് രജിസ്റ്റര്‍ ലഭിക്കുന്നതോടെ അഞ്ച് വര്‍ഷത്തെ സേവനം പൂര്‍ത്തീകരിച്ചാല്‍, 60 വയസ്സ് കഴിഞ്ഞ് ജോലി അവസാനിപ്പിക്കുമ്പോള്‍ സ്ഥിരം ക്ഷേമപെന്‍ഷനും, എസ് എം എ സംസ്ഥാന ക്ഷേമബോര്‍ഡിന്റെ ക്ഷേമനിധിയില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന അംഗത്വത്തിന് വിവിധ ധനസഹായങ്ങള്‍ക്കും അര്‍ഹത ഉണ്ടാവുന്നതാണ്.