ദേശീയ ഗെയിംസ്: വളണ്ടിയര്‍ രജിസ്‌ട്രേഷന്‍ നീട്ടി

Posted on: December 27, 2014 12:34 am | Last updated: December 27, 2014 at 12:34 am

തിരുവനന്തപുരം: ദേശീയ ഗെയിംസിനു വേണ്ടി നിയോഗിക്കപ്പെടുന്ന വളന്‍ണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി ആരംഭിച്ച രജിസ്‌ട്രേഷന്‍ നടപടികള്‍ ജനുവരി രണ്ട് വരെ നീട്ടി. ഈ മാസം 25ന് അവസാനിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ക്രിസ്മസ് അവധിയുടെ പശ്ചാത്തലത്തിലാണ് തീയതി മാറ്റിനിശ്ചയിച്ചത്.
ദേശീയ ഗെയിംസിലെ വിവിധ മത്സരങ്ങള്‍ നടക്കുന്ന 31 വേദികള്‍, അത്‌ലറ്റുകള്‍ താമസിക്കുന്ന മേനംകുളത്തെ ഗെയിംസ് വില്ലേജ്, ഹോട്ടലുകള്‍, മീഡിയ സെന്റര്‍ തുടങ്ങി വിവിധ മേഖലകളിലെ നിയന്ത്രണത്തിന് നിയോഗിക്കപ്പെടുന്ന ആറായിരത്തോളം വളണ്ടിയര്‍മാര്‍ക്കു വേണ്ടിയുള്ള റജിസ്‌ട്രേഷന്‍ നടപടികളാണ് നടന്നുവരുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള സ്‌കൂളുകള്‍, പ്രൊഫഷനല്‍ കോളജുകള്‍, പോളി ടെക്‌നിക്കുകള്‍ റസിഡന്റ്‌സ് അസോസിയേഷനുകള്‍, പൊതുജനങ്ങള്‍ തുടങ്ങിയവയില്‍ നിന്നുമായി ഏകദേശം മൂവായിരത്തോളം അപേക്ഷകള്‍ ദേശീയ ഗെയിംസില്‍ ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച അപേക്ഷകള്‍ നാഷണല്‍ ഗെയിംസ് ഫെസിലിറ്റേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൂക്ഷ്മ പരിശോധന നടത്തി വരികയാണ്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള ഇന്റര്‍വ്യൂ, ട്രെയ്‌നിംഗ്, മോട്ടിവേഷന്‍ ട്രെയ്‌നിംഗ് എന്നിവ ജനുവരിയോടുകൂടി നടത്തും. കൂടാതെ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള 31 വേദികള്‍ കേന്ദ്രീകരിച്ച് വളണ്ടണ്ടിയര്‍മാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കും.
വളണ്ടിയര്‍ ശൃംഖലയില്‍ ഭാഗഭാക്കായി 90 ശതമാനത്തില്‍ അധികം അറ്റന്‍ഡന്‍സ് ഉള്ള വിദ്യാര്‍ഥികള്‍ക്ക് മൂന്ന് ശതമാനം ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ ധാരണയായിട്ടുണ്ട്. സ്‌പോര്‍ട്‌സ് ഫെസിലിറ്റേറ്റര്‍, ഫുഡ്-റിസപ്ഷന്‍ ഫെസിലിറ്റേറ്റര്‍, സ്‌പെക്ട്‌ടേഴ്‌സ് ഫെസിലിറ്റേറ്റര്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി വളണ്ടിയര്‍മാരെ തിരഞ്ഞെടുക്കും. സ്‌പോര്‍ട്‌സ് ഫെഡറേഷനുകളുടെ അംഗീകാരത്തോടു കൂടിയാകും സ്‌പോര്‍ട്‌സ് ഫെസിലിറ്റേറ്റര്‍മാരെ തിരഞ്ഞെടുക്കുക.സംസ്ഥാനത്തെ സ്‌കൂളുകളിലും കോളജുകളിലും പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളായ എന്‍ എസ,് എസ് എന്‍ സി സി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് എന്നിവകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികളെ ഏകോപിപ്പിച്ച് കൊണ്ടാണ് ഒരു ബൃഹത് വളണ്ടിയര്‍ ശൃംഖലക്ക് രൂപം നല്‍കുന്നത്. കര-നാവിക-വ്യോമ വിഭാഗങ്ങള്‍ തുടങ്ങി വിവിധ സേനാവിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും വളണ്ടിയര്‍ ശൃംഖലയില്‍ ഭാഗഭാക്കാകും.