സിറിയന്‍ പ്രതിസന്ധി: അടുത്തമാസം റഷ്യയില്‍ ചര്‍ച്ച

Posted on: December 27, 2014 12:09 am | Last updated: December 27, 2014 at 12:29 am

ദമസ്‌കസ്/ മോസ്‌കോ: സിറിയന്‍ പ്രതിസന്ധിക്ക് പരിഹാരം തേടി സര്‍ക്കാറും പ്രതിപക്ഷ ഗ്രൂപ്പുകളും അടുത്തമാസം റഷ്യയില്‍ ചര്‍ച്ച നടത്തും. അടുത്തമാസം 20ന് ശേഷമാകും നിര്‍ണായക ചര്‍ച്ച നടക്കുകയെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് അലക്‌സാണ്ടര്‍ ലുകാഷേവിച്ച് അറിയിച്ചു. ആദ്യ ഘട്ടത്തില്‍ രാജ്യത്തിനകത്തെ ഗ്രൂപ്പുകളും സര്‍ക്കാര്‍ പ്രതിനിധികളും തമ്മിലായിരിക്കും ചര്‍ച്ച. അടുത്ത ഘട്ടത്തില്‍ വിദേശ സംഘടനാ പ്രതിനിധികളെക്കൂടി ചര്‍ച്ചാ വേദിയിലേക്ക് കൊണ്ടു വരികയാണ് ലക്ഷ്യം.
പ്രസിഡന്റ് ബശര്‍ അല്‍ അസദിനെ ശക്തമായി പിന്തുണച്ചു വരുന്ന റഷ്യ, ഇസില്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക നടത്തുന്ന ഇടപെടലുകളെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിലാണ് പല തട്ടില്‍ നില്‍ക്കുന്ന ഗ്രൂപ്പുകളെ ഒരുമിച്ച് കൊണ്ടുവരാനും നിരുപാധിക ചര്‍ച്ചക്ക് കളമൊരുക്കാനും റഷ്യ ശ്രമിക്കുന്നത്. ഉക്രൈന്‍ വിഷയത്തില്‍ പാശ്ചാത്യരുമായി ഇടഞ്ഞുനില്‍ക്കുന്ന ഘട്ടത്തില്‍ സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഈ ശ്രമം ഉപകരിക്കുമെന്നും റഷ്യ കരുതുന്നു.
ചര്‍ച്ചയില്‍ ആരൊക്കെയാണ് പങ്കെടുക്കുന്നതെന്ന് കൃത്യമായി വെളിപ്പെടുത്താന്‍ ലുകാഷെവിച്ച് തയ്യാറായില്ല. സിറിയയില്‍ നിന്നുള്ള കൂടുതല്‍ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, അമേരിക്കയില്‍ നിന്നും സഹായം പറ്റുന്ന ഗ്രൂപ്പുകള്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന സൂചനയാണ് നയതന്ത്ര വിദഗ്ധര്‍ നല്‍കുന്നത്.