2014 ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്തു: കരട് പ്രസിദ്ധീകരിച്ചു

Posted on: December 27, 2014 12:09 am | Last updated: December 27, 2014 at 12:09 am

തേഞ്ഞിപ്പലം: സംസ്ഥാന തല പരിസ്ഥിതി ക്ലിയറന്‍സിന് വന്‍ ഫീസ് ഈടാക്കുന്നതിനായുള്ള ശ്രമത്തിന് പിന്നാലെ സംസ്ഥാനത്തെ ധാതുഖനനത്തിന്റെ ഫീസ് കുത്തനെ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. മൈനര്‍ മിനറല്‍ ഖനനത്തിന്റെ അപേക്ഷ ഫീസ് 200 രൂപയില്‍ നിന്ന് 1000 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 1967 ലെ സംസ്ഥാന മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് 2014 കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു.
പൊതുജന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംസ്ഥാന മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടറെ അറിയിക്കാന്‍ ഈ മാസം 31 വരെ അവസരം നല്‍കിയിട്ടുമുണ്ട്. അതേസമയം മൈനര്‍ മിനറല്‍ ചട്ടങ്ങളുടെ ഭേദഗതിയിന്‍മേലുളള പൊതുജനാഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചെങ്കിലും പൊതുജനങ്ങള്‍ക്ക് ചട്ടങ്ങളുടെ ഭേദഗതിയുടെ കരടിന്റെ മലയാള പകര്‍പ്പ് പ്രസിദ്ധീകരിച്ചിട്ടില്ല. ഭരണ ഭാഷ മലായാളമാക്കിയെങ്കിലും സര്‍ക്കാര്‍ നിയമ സംവിധാനങ്ങള്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്നതിന് സര്‍ക്കാര്‍ നേരത്തെ തന്നെ മുന്‍കൂര്‍ അനുമതി വാങ്ങിയതാണ്്. സാധാരണ രീതിയില്‍ പൊതുജനാഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരാതികളും ആക്ഷേപങ്ങളും ക്ഷണിക്കുമ്പോള്‍ മലയാള പകര്‍പ്പ് പ്രസിദ്ധീകരിക്കാറുണ്ട്. എന്നാല്‍, മൈനര്‍ മിനറല്‍ ചട്ടങ്ങള്‍ക്ക് ഭേദഗതിയെന്ന പേരില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നില്ലെങ്കിലും ചെങ്കല്ല് , കരിങ്കല്ല് , ക്രഷര്‍ എന്നിവകള്‍ക്കുളള റോയാല്‍ല്‍റ്റി കുത്തനെ വര്‍ധിപ്പിക്കാനാണ് സര്‍ക്കാറിന്റെ നീക്കമെന്ന് കരട് വ്യക്തമാക്കുന്നു.
അതേസമയം, സംസ്ഥാനത്ത് നിലവില്‍ മൈനിംഗ് ജിയോളജി അനുമതിയോടെ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി ആഘാത നിയന്ത്രണ അതോറിറ്റിയുടെ അനുമതി ഇല്ലാത്ത ക്വാറികളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന ഹൈക്കോടതിയുടെ വിധി വന്നതോടെ നിയമപരമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ 3600 ക്വാറികളും മറ്റ് ക്രഷറുകളും പ്രതിസന്ധിയിലാണ്. എന്നാല്‍ 2015, ജനുവരി ഒമ്പത് വരെ മാത്രമാണ് സംസ്ഥാനത്ത് ക്വാറികള്‍ക്ക് ഖനനാനുമതി നല്‍കിയത്. അടുത്ത മൈനിംഗ് ജിയോളജി അനുമതിക്കായി പരിസ്ഥിതി ആഘാത നിയന്ത്രണ അതോറിറ്റിയുടെ 1986 ലെ പരിസ്ഥിതി സംരക്ഷണ പ്രകാരമുളള ക്ലിയറന്‍സ് വേണമെന്ന് നേരത്തെ തന്നെ നിര്‍ദേശമുണ്ടായിരുന്നു. ഭേദഗതി വരുത്തുന്ന ചട്ടങ്ങളിലും പരിസ്ഥിതി ക്ലിറന്‍സ് വേണമെന്നും ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ ഖനന സ്ഥലത്തിന്റെ എഫ് എം ബി സര്‍വെ സ്‌കെച്ചില്‍ ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്തിയതും,
വില്ലേജ് ഓഫീസര്‍ നല്‍കുന്ന പൊസഷന്‍ സര്‍ട്ടിഫിക്കറ്റും നോട്ടറി അറ്റസ്റ്റ് ചെയ്തതും ഖനനം ചെയ്യുന്നതിന് സമ്മതമാണെന്ന് അറിയിക്കുന്ന സ്ഥലമുടമയുടെ അനുമതി പത്രവും, ഖനനം ചെയ്യുന്നത് കളിമണ്ണോ സാധാരണ മണ്ണോ ആണെങ്കില്‍ ജില്ലാ കലക്ടറുടെ എന്‍ ഒ സി യും നല്‍കണം. എന്നാല്‍ സര്‍ക്കാര്‍ പുറമ്പോക്കോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥഥതയിലുളളതോ ആയ സ്ഥലമാണ് ലീസിന് ഖനനം നടത്തുന്നതെങ്കില്‍ ജില്ലാ കലക്ടറുടേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും എന്‍ ഒ സി വാങ്ങണം. കളിമണ്ണിനും സാധാരണ മണ്ണിനും ക്യുബിക് മീറ്ററിന് 300 രൂപ നിരക്കില്‍ ദേശസാത്കൃത ബേങ്കില്‍ നിക്ഷേപിച്ച രേഖയും കൂടാതെ എല്ലാ ഖനനത്തിനും ‘അപേക്ഷ ഫീസായി 1000 രൂപ ട്രഷറിയില്‍ ഒടക്കിയ ചെലാന്‍ കോപ്പിയും അപേക്ഷകന്‍ നല്‍കണം.’ എന്നാല്‍ അപേക്ഷകന് അതത് ജില്ലാ ജിയോളജിസ്റ്റ് അപേക്ഷ സ്വീകരിച്ച തീയതിയും സമയവും രേഖപ്പെടുത്തി രശീത് നല്‍കും. പിന്നീട് ജിയോളജിസ്റ്റോ അസിസ്റ്റന്റ് ജിയോളജിസ്റ്റോ ഖനനം ചെയ്യാനുദ്ദേശിക്കുന്ന സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കണം. അതിന് ശേഷമാണ് റോയാല്‍റ്റി അപേക്ഷകന് അടക്കേണ്ടത്. അതേസമയം, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അനുമതിയും ലൈസന്‍സും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയും പരിസ്ഥിതി ആഘാത നിയന്ത്രണ അതോറിറ്റിയുടെ അനുമതിയും ലഭിച്ചെങ്കില്‍ മാത്രമേ റോയാല്‍റ്റി ഒടുക്കാനാകൂ. എന്നതാണ് കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്ത കരട് രേഖയില്‍ വ്യക്തമാക്കുന്നത്. കൂടാതെ ചെങ്കല്‍, കരിങ്കല്‍ ഖനനം ചെയ്യുമ്പോള്‍ ഖനന സ്ഥലത്തിന് 6 മീറ്റര്‍ ഉയരമേ പാടുളളൂവെന്നും സ്റ്റപ്പായോ ബെഞ്ചായോ ഖനനം ചെയ്യണമെന്ന കര്‍ശന നിര്‍ദേശവും കരടില്‍ വ്യക്തമാക്കുന്നു. ക്വാറിയുടെ 100 മീറ്റര്‍ ദൂരത്ത് അപായ ചിഹ്നം സ്ഥാപിക്കുകയും പ്രവേശന കവാടത്തില്‍ ഖനന പെര്‍മിറ്റിന്റെ അനുമതി വിവരങ്ങള്‍ മലയാളത്തില്‍ ഇരുമ്പ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുയും വേണം.