മൂന്നാം ടെസ്റ്റ്: ആദ്യ ദിനം ഓസീസ് 5ന് 259

Posted on: December 26, 2014 3:28 pm | Last updated: December 27, 2014 at 9:47 am

ind vs as

മെല്‍ബണ്‍: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കാലിടറിക്കൊണ്ട് തുടങ്ങിയ ആസ്‌ത്രേലിയ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോറില്‍. 72 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും 23 റണ്‍സെടുത്ത ബ്രാഡ് ഹാഡിനുമാണ് ക്രീസില്‍. രണ്ടാം ഓവറില്‍ തന്നെ സ്‌കോര്‍ ബോര്‍ഡുണരും മുന്‍പെ ഓപണര്‍ ഡേവിഡ് വാര്‍ണറെ (0) നഷ്ടപ്പെട്ടു. ക്രിസ് റോജേഴ്‌സും (57) ഷെയ്ന്‍ വാട്‌സനും (52) ചേര്‍ന്നാണ് ഓസീസിനെ കരകയറ്റിയത്.
രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 115 റണ്‍സാണ് ഇവര്‍ ചേര്‍ത്തത്. ടീം സ്‌കോര്‍ 115 ല്‍ റോജേഴ്‌സും വാട്‌സനും പുറത്തായത് ആസ്‌ത്രേലിയയെ ഞെട്ടിച്ചു. റോജേഴ്‌സിനെ മുഹമ്മദ് ഷമിയും വാട്‌സനെ അശ്വിനും പുറത്താക്കി. പിന്നീടു ക്രീസിലെത്തിയ സ്മിത്തും ഷോണ്‍ മാര്‍ഷും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് നീക്കി. 32 റണ്‍സെടുത്ത മാര്‍ഷിനെ ഷമി ധോണിയുടെ കൈയിലെത്തിച്ച് മടക്കിയെങ്കിലും മറുഭാഗത്ത് സ്മിത്ത് പാറപോലെ ഉറച്ചു നിന്നു. 158 പന്തില്‍ നിന്നാണ് സ്മിത്ത് ഒരു സിക്‌സും നാല് ബൗണ്ടറിയും ഉള്‍പ്പടെ 72 റണ്‍സ് നേടിയത്.
ഉമേഷ് യാദവും ഷമിയും രണ്ട് വിക്കറ്റ് വീതവും അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ രണ്ടു ടെസ്റ്റിലും തോറ്റ ഇന്ത്യക്ക് നിര്‍ണായകമാണ് മൂന്നാം ടെസ്റ്റ്.

രാവിലത്തെ സെഷന്‍
നിര്‍ണായകം
പടയെ മുന്നില്‍ നിന്ന് നയിച്ച് സ്റ്റീവന്‍ സ്മിത്തും പിന്തുണയര്‍പ്പിച്ച് ബ്രാഡ് ഹാഡിനും ക്രീസില്‍ നിലയുറപ്പിക്കുന്നു. ഇവരെ തളയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ ടെസ്റ്റ് ജയം എന്ന ലക്ഷ്യത്തില്‍ നിന്ന് ഇന്ത്യ അകലും. അതുകൊണ്ട് രാവിലത്തെ സെഷന്‍ ഇന്ത്യക്ക് ഏറെ നിര്‍ണായകം. തുടക്കത്തിലേ വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിക്കണം. ഇന്നലെ, വാര്‍ണറുടെ വിക്കറ്റെടുത്തു കൊണ്ട് ഉമേഷ് യാദവ് നല്‍കിയ തുടക്കം മികച്ചതായിരുന്നു. പക്ഷേ, അത് മുതലെടുക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. രണ്ടാം ദിനം കൂടുതല്‍ കരുത്തോടെ സഹതാരങ്ങളോട് ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു കഴിഞ്ഞു പേസര്‍ മുഹമ്മദ് ഷമി. ക്രിസ് റോജേഴ്‌സിന്റെയും ഷോണ്‍ മാര്‍ഷിന്റെയും വിക്കറ്റെടുത്ത ഷമി ആവേശത്തിലാണ്. വ്യക്തമായ ബൗളിംഗ് പദ്ധതികള്‍ തങ്ങള്‍ക്കുണ്ട്. ആദ്യ രണ്ട് ടെസ്റ്റിലും അത് വേണ്ടത്ര ഫലവത്തായില്ല. ലൈനും ലെംഗ്തും അണുവിട തെറ്റാതെ, ആക്രണോത്സുകമായി പന്തെറിഞ്ഞാല്‍ ആസ്‌ത്രേലിയ പതറും. രണ്ടാം ദിനം ആദ്യ സെഷനില്‍ ഇത്തരമൊരു പ്രകടനം കാണാമെന്ന് ഷമി പറയുന്നു.
ഇന്നലെ കുറച്ച് നേരം ഗ്രൗണ്ട് വിട്ട ഷമി അവസാന ഓവര്‍ എറിയാനാണ് തിരിച്ചെത്തിയത്. ഇത് ഷമിക്ക് ഫിറ്റ്‌നെസ് പ്രശ്‌നങ്ങളുണ്ടെന്ന അഭ്യൂഹത്തിനിടയാക്കി. എന്നാല്‍, മുന്നറിയിപ്പിന്റെ സ്വരവുമായി ഷമി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിയതോടെ അഭ്യൂഹം നീങ്ങി.
സ്മിത്ത് മാറ്ററിയിക്കുന്നു
റിക്കി പോണ്ടിംഗിന്റെ പിന്‍ഗാമിയായി മൈക്കല്‍ക്ലാര്‍ക്ക് ഉയര്‍ന്നുവന്നതു പോലെ, ക്ലാര്‍ക്കിന്റെ പിന്‍ഗാമിയായി സ്റ്റീവ് സ്മിത്ത് ആസ്‌ത്രേലിയന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തും മധ്യനിര ബാറ്റിംഗ് നിരയുടെ നട്ടെല്ലായും ഉദിച്ചു നില്‍ക്കുന്നു. ഈ കലണ്ടര്‍ വര്‍ഷം ആയിരം റണ്‍സ് ഇന്നലെ സ്മിത്ത് തികച്ചു. മുരളി വിജയിന്റെ ഓവറില്‍ തന്റെ സ്വതസിദ്ധമായ ഫഌക് ഷോട്ടിലൂടെയാണ് സ്മിത് ആ നാഴികക്കല്ലിലെത്തിയത്. ഇന്നലെ ന്യൂസിലന്‍ഡിന്റെ ക്യാപ്റ്റന്‍ ബ്രെന്‍ഡെന്‍ മെക്കല്ലവും ആയിരം റണ്‍സെന്ന നാഴികക്കല്ല് കടന്നത് യാദൃച്ഛികമായി.
ഈ വര്‍ഷം സ്മിത്തിന്റെ ബാറ്റിംഗ് ശരാശരി 84.33 ആണ്. രണ്ടായിരം ടെസ്റ്റ് റണ്ണിലെത്താന്‍ ഇരുപത്തഞ്ചുകാരന് ഇന്ന് പതിനെട്ട് റണ്‍സ് കൂടി നേടിയാല്‍ മതി.
അഡലെയ്ഡിലെ ഒന്നാം ടെസ്റ്റില്‍ രണ്ടിന്നിംഗ്‌സിലും പുറത്താകാതെ അര്‍ധസെഞ്ച്വറിയും (52) സെഞ്ച്വറിയും (162) നേടിയ സ്മിത്ത് ബ്രിസ്ബനിലെ രണ്ടാം ടെസ്റ്റിലും ഫോം തുടര്‍ന്നു. ഒന്നാമിന്നിംഗ്‌സില്‍ 133 ഉം രണ്ടാമിന്നിംഗ്‌സില്‍ 28ഉം ആയിരുന്നു സ്‌കോര്‍.
മൂന്നാം ടെസ്റ്റില്‍ 72 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന സ്മിത്തിലാണ് ഓസീസ് വലിയ സ്‌കോര്‍ സ്വപ്‌നം കാണുന്നത്. ഇന്ന് സെഞ്ച്വറി പൂര്‍ത്തിയാക്കിയാല്‍ പരമ്പരയില്‍ സ്മിത്തിന്റെ മൂന്നാമത്തേതാകുമത്. ബ്രിസ്ബനില്‍ രണ്ടാം ടെസ്റ്റിലാണ് സ്മിത്ത് ക്യാപ്റ്റനായി അരങ്ങേറിയത്.
മധ്യനിര ബാറ്റിംഗില്‍ പരിശ്രമശാലിയായി കളിക്കുന്നുവെന്നതാണ് സ്മിത്തിനെ പോണ്ടിംഗിനോടും ക്ലാര്‍ക്കിനോടും സാദൃശ്യപ്പെടുത്തുന്നത്. ഒപ്പം ക്യാപ്റ്റന്റെ സമ്മര്‍ദമില്ലാതെ കളിക്കുന്നതും. പേസും സ്പിന്നും ഒരു പോലെ നേരിടുന്ന സ്മിത്ത് ക്രീസില്‍ കാലുറപ്പിച്ചു കഴിഞ്ഞാല്‍ അപകടകാരിയാണ്.
ആദ്യ രണ്ട് ടെസ്റ്റും തോറ്റ് പരമ്പര നഷ്ടത്തിന്റെ വക്കില്‍ നില്‍ക്കുന്ന ഇന്ത്യ ഇന്ന് രാവിലെ തന്നെ സ്മിത്തിന്റെ വിക്കറ്റിനായിട്ടാകും വീറോടെ എറിയുക.
പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലും ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലും ആസ്‌ത്രേലിയക്ക് വേണ്ടി സ്മിത്ത് റണ്‍സടിച്ചു കൂട്ടിയിരുന്നു.
സ്ഥിരതയാര്‍ന്ന ബാറ്റിംഗ് പ്രകടനവുമായി സ്മിത്ത് കരിയര്‍ ജ്വലിപ്പിക്കുമ്പോള്‍, ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് വീണ്ടും ശക്തമായ നാളുകള്‍ സ്വപ്‌നം കാണുന്നു.

ALSO READ  ചേതേശ്വര്‍ പൂജാരയും രവീന്ദ്ര ജഡേജയും അടക്കം അഞ്ച് ക്രിക്കറ്റ് താരങ്ങള്‍ക്ക് ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ നോട്ടീസ്

റോജേഴ്‌സിനിപ്പോഴും ഒരങ്കത്തിനുള്ള ബാല്യം
കഴിഞ്ഞ വര്‍ഷം ബോക്‌സിംഗ് ഡേയില്‍ ആഷസ് ടെസ്റ്റില്‍ ആസ്‌ത്രേലിയക്കായി ഓപണിംഗ് ബാറ്റ്‌സ്മാന്‍ ക്രിസ് റോജേഴ്‌സ് സെഞ്ച്വറി (116)നേടി.
ഇത്തവണ, ഇംഗ്ലണ്ടിന് പകരം എതിരാളി ഇന്ത്യയായപ്പോഴും റോജേഴ്‌സിന്റെ ബോക്‌സിംഗ് ഡേ ഫോം മങ്ങിയില്ല. 57 റണ്‍സെടുത്താണ് റോജേഴ്‌സ് മടങ്ങിയത്. സെഞ്ച്വറിയായിരുന്നു മുപ്പത്തേഴുകാരന്റെ മനസില്‍. എന്നാല്‍, പിഴച്ച നിമിഷത്തില്‍ വിക്കറ്റ് നഷ്ടമായെന്ന് താരം. മുഹമ്മദ് ഷമിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ധോണിക്ക് എഡ്ജ് ക്യാച്ചായാണ് റോജേഴ്‌സ് കൂടാരത്തിലേക്ക് മടങ്ങിയത്.
സ്‌കോറിംഗില്‍ പരാജയപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ നടത്തുന്ന വിമര്‍ശമാണ് റോജേഴ്‌സിനെ വല്ലാതെ വേദനിപ്പിക്കുന്നത്. ഇക്കാര്യം മാധ്യമപ്രതിനിധികളോട് റോജേഴ്‌സ് തുറന്നു പറയുകയും ചെയ്തു. ഒന്ന് മങ്ങുമ്പോഴേക്കും വല്ലാതെ വിമര്‍ശിക്കരുത്. എന്റെ പ്രായത്തില്‍ നിങ്ങള്‍ക്കൊന്നും റണ്‍സെടുക്കാന്‍ പോലും സാധിക്കില്ല – റോജേഴ്‌സ് പറഞ്ഞു.
ആസ്‌ത്രേലിയന്‍ ടെസ്റ്റ് ടീമില്‍ എല്ലാ കാലവും സ്ഥാനമുണ്ടാകുമെന്ന് കരുതാന്‍ മാത്രം താനൊരു വിഡ്ഢിയല്ല. കളിക്കുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കുക മാത്രമാണ് ലക്ഷ്യമെന്നും റോജേഴ്‌സ് പറഞ്ഞു. മുപ്പത്തേഴുകാരനായ റോജേഴ്‌സിന്റെ പത്തൊമ്പതാം ടെസ്റ്റാണ് മെല്‍ബണില്‍ നടക്കുന്നത്.
280 ലേറെ ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച റോജേഴ്‌സ് ഒരു ആഷസ് പരമ്പര കൂടി കളിക്കാനാഗ്രഹിക്കുന്നുണ്ട്.
കഴിഞ്ഞ ആഷസില്‍ ബാറ്റിംഗ് ശരാശരി 50 നിലനിര്‍ത്തിയ റോജേഴ്‌സ് ഇന്ത്യക്കെതിരായ പരമ്പരയില്‍ സെഞ്ച്വറി ലക്ഷ്യമിടുന്നുണ്ട്. മൂന്ന് അര്‍ധസെഞ്ച്വറികള്‍ മികച്ചതു തന്നെ. പക്ഷേ, സെഞ്ച്വറിയിലെത്താതെ വീണു പോയതില്‍ നിരാശയുണ്ട്.
പ്രതിസന്ധി ഘട്ടങ്ങളില്‍ രക്ഷകനാകുന്ന ഓപണറുടെ റോളാണ് റോജേഴ്‌സിനിഷ്ടം.
ഇന്നലെ ഡേവിഡ് വാര്‍ണര്‍ ഡക്ക് ആയതാണ് അര്‍ധസെഞ്ച്വറി പ്രകടനത്തിന് പ്രചോദനമായതെന്ന് വെറ്ററന്‍ താരം പറയുന്നു. ടീം നമ്മളില്‍ നിന്ന് പലതും ആവശ്യപ്പെടുന്ന സമയമാണിത്.
അപ്പോള്‍ മികവിന്റെ പാരമ്യതയിലേക്ക് ഉയരുക വെല്ലുവിളിയാണ്. അതേറ്റെടുക്കുകയാണ് ഒരു ഓപണറുടെ വിജയം- പരിചയ സമ്പന്നനായ റോജേഴ്‌സ് വാചാലനാകുന്നു.