മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കുമെതിരെ രണ്ട് വിജിലന്‍സ് കേസുകള്‍ കൂടി

Posted on: December 25, 2014 10:18 am | Last updated: December 25, 2014 at 10:18 am

കോഴിക്കോട്: കോര്‍പറേഷന്‍ മേയര്‍ പ്രൊഫ. എ കെ പ്രേമജം, ഡെപ്യൂട്ടി മേയര്‍ പി ടി അബ്ദുല്‍ ലത്വീഫ് എന്നിവര്‍ക്കെതിരെ രണ്ട് വിജിലന്‍സ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. അഴിമതിവിരുദ്ധ ജനകീയ മുന്നണി ജനറല്‍ കണ്‍വീനര്‍ കെ പി വിജയകുമാര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് കോടതി ഉത്തരവ് പ്രകാരം കോഴിക്കോട് വിജിലന്‍സ് ഡി വൈ എസ് പി. കെ അശ്‌റഫ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ മേയര്‍ക്കെതിരായ വിജിലന്‍സ് കേസുകളുടെ എണ്ണം മൂന്നായി. ഡെപ്യൂട്ടി മേയര്‍ക്കെതിരെ നേരത്തേ നാല് കേസുകളുണ്ടായിരുന്നു.
2010 മുതല്‍ 2013 വരെയുള്ള കാലഘട്ടങ്ങളിലായി കോര്‍പറേഷന്‍ പരിധിയിലെ പരസ്യനികുതി പിരിവില്‍ അഴിമതി നടന്നതായുള്ള പരാതിയിലാണ് പുതിയ കേസുകളിലൊന്ന്. പദവി ദുരുപയോഗമുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പരാതിക്കാരന്‍ ഉന്നയിച്ചിരിക്കുന്നത്.
മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും പുറമെ മുന്‍ മേയര്‍ എം ഭാസ്‌കരന്‍, മുന്‍ സെക്രട്ടറി എസ് വിജയകുമാര്‍, മുന്‍ ഡെപ്യൂട്ടി സെക്രട്ടറി രേവതി, ഇപ്പോഴത്തെ ഡെപ്യൂട്ടി സെക്രട്ടറി കെ പ്രവീണ്‍കുമാര്‍, മുന്‍ റവന്യൂ ഓഫീസര്‍മാരായ എന്‍ എം രമണി, എം ജി ശശി, മുന്‍ സൂപ്രണ്ട് കെ ചന്ദ്രന്‍ എന്നിവരെയും പ്രതിചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നിര്‍വഹണം നടത്തുന്നത് സംബന്ധിച്ച പരാതിയാണ് രണ്ടാമത്തെ കേസ്. സ്വകാര്യ സ്ഥാപനത്തെ പ്രോജക്ട് നിര്‍മിക്കാന്‍ ഏല്‍പ്പിച്ചത് വഴി പൊതുഖജനാവിന് സാമ്പത്തിക നഷ്ടമുണ്ടായതായി പരാതിയില്‍ ആരോപണമുണ്ട്.
മുന്‍ മേയര്‍മാരായ തോട്ടത്തില്‍ രവീന്ദ്രന്‍, എം ഭാസ്‌കരന്‍, മുന്‍ സെക്രട്ടറിമാരായ എസ് വിജയകുമാര്‍, എം കുഞ്ഞുമുഹമ്മദ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
പുതുതായി രണ്ട് കേസുകള്‍ കൂടി വന്നതോടെ അഴിമതി സംബന്ധിച്ച പരാതിയില്‍ കോര്‍പറേഷനെതിരായ വിജിലന്‍സ് കേസുകളുടെ എണ്ണം 17 ആയി. ഇതില്‍ എട്ട് കേസുകളിലെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കയാണ്. കേസുകളിലൊന്നും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.