വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പുത്തന്‍കുന്ന് മഹല്ല് ഭാരവാഹികള്‍

Posted on: December 25, 2014 4:46 am | Last updated: December 24, 2014 at 11:46 pm
SHARE

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിക്കടുത്ത പുത്തന്‍കുന്ന് പ്രദേശത്ത് ഏറെ വിശ്വാസികളുണ്ടെങ്കിലും മസ്ജിദ് നിര്‍മിക്കാന്‍ ഭൂമിയില്ലാത്ത വിഷമത്തിലായിരുന്നു മുസ്‌ലിംകളെന്ന് 24ന് ബുധനാഴ്ച ഒരു പത്രത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതവും തെറ്റിദ്ധാരണജനകവുമാണെന്ന് പുത്തന്‍കുന്ന് തന്‍വീറുല്‍ ഇസ്‌ലാം സംഘം മഹല്ല് ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നൂറ്റാണ്ടുകളായി സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന ഇവിടുത്തുകാര്‍ക്ക് പ്രാര്‍ഥന നടത്തുവാന്‍ സ്വന്തമായി ഒരു ജുമുഅത്ത് പള്ളിയും മൂന്നും നിസ്‌കാരപള്ളിയും ഒരു ആരാധനാ ഹാളുമുണ്ട്. എന്നിരിക്കെ വാര്‍ത്തയില്‍ മുസ്‌ലിംകള്‍ക്ക് മസ്ജിദ് നിര്‍മിക്കാന്‍ ഭൂമിയില്ലെന്ന രീതിയില്‍ ക്രൈസ്തവ സഭകളിലൊരു സഭ സൗജന്യമായി ഭൂമി നല്‍കിയെന്നുമുള്ള പരാമര്‍ശം ഭൂരിപക്ഷം വരുന്ന മഹല്ല് നിവാസികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയതായും അവര്‍ പറഞ്ഞു.അതെ സമയം പുതിയ പള്ളി നിര്‍മിക്കുന്നതിന് മഹല്ല് കമ്മിറ്റിയും മഹല്ല് നിവാസികളും എതിരല്ലെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വാര്‍ത്തയാണ് പ്രതിഷേധത്തിനിടയാക്കിയതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ കെ മുഹമ്മദലി ഫൈസി, അസീസ് മുസ്‌ലിയാര്‍ മാക്കുറ്റി, ഉമര്‍ സഖാഫി പുത്തന്‍കുന്ന്, ഹംസ വേങ്ങേരി, മുഹമ്മദ് പാലത്തുംകണ്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.