യു എസില്‍ വീണ്ടും കറുത്ത വര്‍ഗക്കാരനായ കൗമാരക്കാരന്‍ പോലീസ് വെടിയേറ്റ് മരിച്ചു

Posted on: December 25, 2014 5:28 am | Last updated: December 24, 2014 at 11:29 pm

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ഒരു കൗമാരക്കാരന്‍കൂടി പോലീസിന്റെ വെടിയേറ്റ് മരിച്ചു. അതിര്‍ത്തിപട്ടണമായ സെന്റ് ലൂയിസിലെ ഗ്യാസ് സ്റ്റേഷനിലാണ് സംഭവം. ആഗസ്തില്‍ മൈക്കല്‍ ബ്രോണ്‍ എന്ന കൗമാരക്കാരന്‍ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സ്ഥലത്തിന് സമീപമാണ് ഈ സംഭവവുമെന്ന് പോലീസും മാധ്യമങ്ങളും പറഞ്ഞു. ഗ്യാസ് സ്റ്റേഷനില്‍ നാടകെട്ടി വേര്‍തിരിച്ച ഭാഗത്ത് പോലീസ് ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചതും കാഴ്ചക്കാരായി നില്‍ക്കുന്നവര്‍ ഉച്ചത്തില്‍ അലറുന്നതും വീഡിയോ ദ്യശ്യങ്ങളില്‍ കാണാം. അറുപതോളം പേര്‍ സംഭവസ്ഥലത്ത് തടിച്ചുകൂടിയതായും മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഉച്ചത്തിലുള്ള സ്‌ഫോടന ശബ്ദത്താലും പുക നിറഞ്ഞതിനാലും വീഡിയോ ദ്യശ്യങ്ങളില്‍നിന്നും ചിത്രങ്ങളില്‍നിന്നും എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൗമാരക്കാരനു നേരെ നടന്നടുത്തപ്പോള്‍ കൗമാരക്കാരന്‍ തോക്കെടുക്കുകയും പ്രാണരക്ഷാര്‍ഥം ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഡാരന്‍ വില്‍സണ്‍ എന്ന വെള്ളക്കാരനായ പോലീസ് ഉദ്യോഗസ്ഥന്‍ നിരായുധനായ മൈക്കല്‍ ബ്രോണ്‍ എന്ന കൗമാരക്കാരനെ വെടിവെച്ച് കൊലപ്പെടുത്തിയത് കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ ഏറെ രോഷത്തിന് കാരണമായിരുന്നു.