നിര്‍ബന്ധിത സൈനിക സേവനം: യുവാക്കള്‍ക്ക് പ്രതിഫലം നല്‍കാന്‍ ശൈഖ് ഖലീഫയുടെ ഉത്തരവ്

Posted on: December 24, 2014 2:53 pm | Last updated: December 24, 2014 at 2:53 pm

Sheikh-Khalifa3ദുബൈ; യുവാക്കള്‍ക്കായി രാജ്യം പ്രഖ്യാപിച്ചിരിക്കുന്ന നിര്‍ബന്ധിത സൈനിക സേവനത്തില്‍ പങ്കാളികളാവുന്നവര്‍ക്ക് പ്രതിഫലം നല്‍കാന്‍ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തരവിട്ടു. ഈ വിഭാഗം റിസേര്‍വ് സര്‍വീസ് എന്നാവും ഇനി അറിയപ്പെടുക. സൈനിക സേവനത്തിന് ചേരുന്ന സ്വയം തൊഴില്‍ കണ്ടെത്തിയവര്‍ക്കും സ്വന്തമായി സ്ഥാപനം നടത്തുന്നവര്‍ക്കും പ്രതിഫലമായി പ്രതിമാസം 3,000 ദിര്‍ഹം ലഭിക്കും. ഇവര്‍ക്കൊപ്പം സര്‍ക്കാര്‍ ഇതര മേഖലയിലും സ്വകാര്യ മേഖലയിലും പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ക്കും ഇതേ തുകയാവും പ്രതിമാസം പ്രതിഫലമായി നല്‍കുക. യു എ ഇ സായുധ സേനാ ഉപമേധാവിക്കായിരിക്കും പൊതു താല്‍പര്യം മാനിച്ച് ഈ തുകയില്‍ മാറ്റം വരുത്താനുള്ള അധികാരം.

നിര്‍ബന്ധിത സൈനിക സേവനത്തില്‍ പങ്കെടുക്കുന്ന യു എ ഇ സായുധ സേനാംഗങ്ങള്‍, പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍, സ്‌റ്റേറ്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് റാങ്കിനനുസരിച്ച് പ്രതിഫലം നല്‍കും. നിര്‍ബന്ധിത സേവനം പൂര്‍ത്തിയാക്കുന്ന ബ്രിഗേഡിയര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനും ഇതിന് സമാനമായ തസ്തികയിലുള്ളവര്‍ക്കും ആനുകൂല്യമായി 21,000 ദിര്‍ഹം ലഭിക്കും. ലഫ്. കേണലിനും സമാനമായ മറ്റ് തസ്തികക്കും 19,000വും ലഫ്്റ്റ്‌നന്റ് മുതല്‍ ക്യാപ്റ്റന്‍ വരെയുള്ളവര്‍ക്ക് 17,000വും മറ്റു റാങ്കുകാര്‍ക്ക് 15,000 വുമായിരിക്കും പ്രതിഫലമായി ലഭിക്കുക. മൂന്നു മാസത്തില്‍ കുറഞ്ഞ കാലം സൈനിക സേവനം വേണ്ടുന്ന വിഭാഗത്തില്‍ ഉള്‍പെട്ടവര്‍ അത് പൂര്‍ത്തിയാക്കിയവരാണെങ്കില്‍ പ്രതിമാസം 3,000 ദിര്‍ഹം വീതം വെച്ച് ആനുകൂല്യം നല്‍കും. മൂന്നിനും ഒമ്പതിനും ഇടയില്‍ കാലാവധിയുള്ള വിഭാഗക്കാര്‍ക്കാണെങ്കില്‍ 8,000 വീതവും ഒമ്പത് മാസത്തില്‍ കൂടുതല്‍ നിര്‍ബന്ധിത സൈനിക സേവനം അനുഷ്ഠിച്ചവര്‍ക്ക് 15,000 ദിര്‍ഹം വീതവുമായിരിക്കും പ്രതിഫലം നല്‍കുക.
രാജ്യത്തെ യുവാക്കള്‍ക്ക് സൈനിക സേവനം നിര്‍ബന്ധിതമാക്കികൊണ്ടുള്ള ഫെഡറല്‍ നാഷനല്‍ കൗസില്‍ നിയമത്തിന് യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ കഴിഞ്ഞ ജൂണിലാണ് അംഗീകാരം നല്‍കിയത്. യുവാക്കള്‍ക്ക് നിര്‍ബന്ധിത സൈനിക സേവനം ആവശ്യമാണെന്ന് ഫെഡറല്‍ നാഷനല്‍ കൗസില്‍ കരട് നിയമം അവതരിപ്പിക്കുകയും പാസാക്കിയ ശേഷം അന്തിമ അനുമതിക്കായി പ്രസിഡന്റിന് സമര്‍പ്പിക്കുകയുമായിരുന്നു. സെക്കന്ററി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് നേടുകയോ അല്ലെങ്കില്‍ 18 വയസ് പൂര്‍ത്തിയാവുകയോ ചെയ്യുന്ന മുറക്കാണ് സൈനിക സേവനം നിര്‍ബന്ധമാവുകയെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. യുവാക്കളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് നിരവധി സ്വദേശി വനിതകളും നിര്‍ബന്ധിത സൈനിക സേവനത്തിന് സന്നദ്ധരായി എത്തുന്നത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സമൂഹത്തിലെ പദവിയോ, ഉദ്യോഗ മഹിമയോ ഒന്നും സൈനിക സേവനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമായി പരിഗണിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം റാസല്‍ ഖൈമ കിരീടാവകാശി സൈനിക സേവനത്തിനായി എന്റോള്‍ ചെയ്തതും വാര്‍ത്തയില്‍ ഇടം പിടിച്ചിരുന്നു.