117 ഏക്കര്‍ പുഞ്ച കൃഷി വെള്ളത്തിനടിയില്‍

Posted on: December 24, 2014 9:43 am | Last updated: December 24, 2014 at 9:43 am

എടപ്പാള്‍: എടപ്പാള്‍ പഞ്ചായത്തിലെ രണ്ട് പുഞ്ചകോള്‍ നിലങ്ങളില്‍ ബണ്ട് പൊട്ടി 117 ഏക്കര്‍ പുഞ്ചകൃഷി വെള്ളത്തിനടിയിലായി.
എടപ്പാള്‍ പഞ്ചായത്തിലെ പുതുക്കോള്‍, മടേകായല്‍ കോള്‍ നിലങ്ങളിലാണ് ബണ്ട് പൊട്ടി നെല്‍കൃഷി നശിച്ചത്. മാസങ്ങളോളമായി തകര്‍ച്ചയെ നേരിട്ടുകൊണ്ടിരുന്ന പുതുക്കോള്‍ ബണ്ടിന് തിങ്കളാഴ്ച വൈകീട്ടോടെ വിള്ളല്‍ ശക്തമായി രൂപപെട്ടു. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് ബണ്ടന്റെ മുപ്പത് മീറ്ററോളം തകര്‍ന്ന് വെള്ളം കുത്തി ഒലിച്ച് നെല്‍കൃഷിക്ക് പരുവമാക്കി നിര്‍ത്തിയ 117 ഏക്കര്‍ കൃഷിയിടത്തിലേക്ക് ഒലിച്ചിങ്ങിയത്.
മാടായി കോള്‍ മേഖലയിലെ 100 ഏക്കര്‍ ഭൂമിയും പുതുക്കോള്‍ മേഖലയിലെ 17 ഏക്കര്‍ ഭൂമിയിലെയും കൃഷി ചെയ്യാനുള്ള അവസ്ഥ നിലവില്‍ ഇല്ലാതാക്കിയിരിക്കുകയാണ്. നെല്‍കൃഷിക്ക് ഞാറിനായി പാകിയ ഞാറ്റടികളും ഇടവിളയായി ഉണ്ടാക്കിയ പച്ചക്കറികളും തകര്‍ച്ചയെ തുടര്‍ന്ന് വെള്ളത്തിലായി.1 17 ഏക്കര്‍ സ്ഥലത്തായി 127 കര്‍ഷകരാണ് വര്‍ഷം തോറും കൃഷിയിറക്കാറുള്ളത്.
ചങ്ങരംകുളം ചെറുവല്ലൂരില്‍ കഴിഞ്ഞ ദിവസം ബണ്ട് പൊട്ടി 200 ഏക്കര്‍ പുഞ്ചകൃഷി വെള്ളത്തില്‍ മുങ്ങിയതിന് തൊട്ടുപിറകെയാണ് എടപ്പാളിലേയും നാശം. കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജിലൂടെ അനുവദിച്ച 472 കോടി രൂപ മുടക്കി പുഞ്ചകോള്‍ മേഖലയില്‍ വിവിധ പ്രവര്‍ത്തികള്‍ നടന്നു വരികയാണ്. നിലവിലുണ്ടായിരുന്ന ബണ്ട് ബലപ്പെടുത്തുകയും പുതിയബണ്ടുകള്‍ നിര്‍മിക്കുന്നതുമായിരുന്നു പ്രധാന ജോലികള്‍. ഇതില്‍ കോലൊളമ്പ് വല്ല്യാട് മേഖലയില്‍ അരക്കിലോമീറ്ററിലധികം നിര്‍മിച്ച ബണ്ടാണ് ഇന്നലെ തകര്‍ന്നത്. മണ്ണ് ലഭിക്കാത്തതിനാല്‍ ബണ്ടുകളുടെ നിര്‍മാണം ഇഴഞ്ഞു നീങ്ങുമ്പോഴാണ് നിര്‍മാണം ഏറെകുറേ പൂര്‍ത്തീകരിച്ച ബണ്ട് തകര്‍ന്നത്. എ ഡി എം, കെ ജോസഫ്, ഡോ. കെ ടി ജലീല്‍ എം എല്‍ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്. ഇ ബാലകൃഷ്ണന്‍, എടപ്പാള്‍ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ ഷീജ തുടങ്ങിയവര്‍ സ്ഥലത്തെത്തി. തകര്‍ന്ന ബണ്ട് 15 ദിവസത്തിനകം പുനര്‍ നിര്‍മ്മാണം നടത്താന്‍ നടപടി സ്വീകരിക്കുമെന്ന് ഡോ. കെ ടി ജലീല്‍ എം എല്‍ എ അറിയിച്ചു.