Connect with us

Ongoing News

ഇന്ത്യന്‍ ടീമില്‍ അസ്വാരസ്യമെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

മെല്‍ബണ്‍: ആസ്‌ത്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിംഗ് റൂമില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നതായി റിപ്പോര്‍ട്ട്. രണ്ടാം ടെസ്റ്റിനിടെ പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് പകരം വിരാട് കോഹ്‌ലിയെ ഇറക്കിയ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോനിയുടെ തീരുമാനത്തില്‍ നിന്നാണ് അസ്വാരസ്യങ്ങളുടെ തുടക്കം. രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്ന ധവാന് നാലാം ദിനം രാവിലെ ബാറ്റിംഗിനിറങ്ങിയിരുന്നില്ല. തുടര്‍ന്ന് കോഹ്‌ലിയാണിറങ്ങിയത്. കോഹ്‌ലിയെ പെട്ടെന്ന് ബാറ്റിംഗിനിറക്കിയ സംഭവം വിവാദമായിരുന്നു.
മൂന്നാം ദിനത്തെ കളിക്ക് ശേഷം ശിഖര്‍ ധവാന് പരുക്കേറ്റതിനെ തുടര്‍ന്ന് കോഹ്‌ലിയെ പെട്ടെന്ന് ഇറക്കേണ്ടി വന്നതായി ക്യാപ്റ്റന്‍ ധോണി തന്നെ മത്സര ശേഷം പറഞ്ഞിരുന്നു. ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ 11 പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമെടുത്ത് കോഹ്‌ലി പുറത്തായിരുന്നു. കളി തുടങ്ങാന്‍ പത്ത് മിനിട്ട് മാത്രം ബാക്കിയുള്ളപ്പോള്‍ തന്നോട് ബാറ്റിംഗിനിറങ്ങാന്‍ ആവശ്യപ്പെട്ടതില്‍ കോഹ്‌ലി രോഷാകുലനായിരുന്നു. പുറത്തായ ശേഷം തിരികെ ഡ്രസ്സിംഗ് റൂമിലെത്തിയ കോഹ്‌ലി ധവാനോട് തട്ടിക്കയറിയതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ധവാന്‍ പരുക്ക് അഭിനയിക്കുകയായിരുന്നുവന്നാണ് കോഹ്‌ലിയുടെ ആരോപണം. തുടര്‍ന്ന് ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് തനിക്ക് അഭിമാനമാണെന്നും ശാരീരിക ക്ഷമത ഇല്ലെങ്കില്‍ താന്‍ പുറത്തിരിക്കുമെന്നും ധവാന്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് താരങ്ങള്‍ പരസ്പരം സംസാരിക്കാതായെന്നും റിപ്പോര്‍ട്ടുണ്ട്.
ഏത് സമയത്തും ബാറ്റിംഗിനിറങ്ങാന്‍ ബാറ്റ്‌സ്മാന്മാര്‍ തയ്യാറായിരിക്കണമെന്ന് ടീം ഡയറ്ടറായ രവി ശാസ്ത്രി പറഞ്ഞു. മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര ദയനീയമായി പരാജയപ്പെട്ടിരുന്നു. ധവാന്‍ ബാറ്റിംഗിനിറങ്ങാത്തതാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായതെന്ന വിമര്‍ശനവും ഉയര്‍ന്നു.സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ബി സി സി ഐ വ്യക്തമാക്കിയിരുന്നു.

Latest