Connect with us

Thrissur

ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് ഉയരുന്നവരാണ് യഥാര്‍ഥ നേതാക്കള്‍: ആഭ്യന്തരമന്ത്രി

Published

|

Last Updated

തൃശൂര്‍: ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് അവരില്‍ നിന്നും ഉയര്‍ന്നു വരുന്നവരാണ് യഥാര്‍ഥ നേതാക്കളെന്നും നേതൃത്വം കെട്ടിയേല്‍പ്പിക്കപ്പെടുന്നതല്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എല്ലാ കാലഘട്ടത്തിലും കേരള ജനതക്ക് വിശ്വസിക്കാന്‍ കഴിയുന്ന നേതാവായി നിലനിന്നതിനാലാണ് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന് വലിയ അംഗീകാരം ജനമനസ്സുകളില്‍ നേടിയെടുക്കാനായതെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ മുന്‍സിപ്പല്‍ മുന്‍ കൗണ്‍സിലറായിരുന്ന കരുണാകരന്റെ ഛായാചിത്രം കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ അനാച്ഛാദനം ചെയ്യുന്ന ചടങ്ങ് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച് അവരില്‍ നിന്നും അംഗീകാരം നേടിയെടുക്കുമ്പോഴാണ് നേതാവ് എന്ന വാക്കിന് പൂര്‍ണ്ണത കൈവരുന്നത്. അങ്ങനെയുള്ളവരില്‍ എന്നും പ്രഥമ ഗണനീയനാണ് ലീഡര്‍. ഒരു ഭരണാധികാരിയെന്ന നിലയില്‍ ശക്തമായ തീരുമാനങ്ങളെടുക്കുവാനും അവ ഇച്ഛാശക്തിയോടെ നടപ്പിലാക്കുവാനുമുള്ള ആര്‍ജ്ജവം അദ്ദേഹത്തിനുണ്ടായിരുന്നു. കൗണ്‍സിലര്‍ എന്ന നിലയില്‍ തുടങ്ങി നാടിന്റെ ഭാഗദേയം നിര്‍ണ്ണയിക്കുന്ന പദവികള്‍ വരെ എത്തിപ്പെട്ടത് വിസ്മയത്തോടെ മാത്രമേ നോക്കിക്കാണാനാകൂ. എണ്ണിയാലൊടുങ്ങാത്ത വികസന സ്മാരകങ്ങളാണ് കെ കരുണാകരന്റെ നിത്യസ്മാരകങ്ങളായി കേരളത്തിലുടനീളം ഉള്ളത്. പല വികസന പദ്ധതികളും അദ്ദേഹമില്ലായിരുന്നുവെങ്കില്‍ സാക്ഷാത്ക്കരിക്കപ്പെടില്ലായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Latest