കാശ്മീരും ഝാര്‍ഖണ്ഡും

Posted on: December 24, 2014 6:00 am | Last updated: December 23, 2014 at 10:53 pm

SIRAJ.......ഭരണ കക്ഷി വിരുദ്ധ വികാരം പ്രതിഫലിപ്പിക്കുന്നതാണ് ജമ്മു കാശമീരിലെയും ഝാര്‍ഖണ്ഡിലെയും തിരഞ്ഞെടുപ്പ് ഫലം. ജമ്മുകാശ്മീരില്‍ ഭരണകക്ഷിയായ ഉമര്‍ അബ്ദുല്ലയുടെ ജമ്മുകാശ്മീര്‍ നാഷനല്‍ കോണ്‍ഫ്രന്‍സിനെ പിന്തള്ളി മഹ്ബൂബ മുഫ്തിയുടെ പി ഡി പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സംസ്ഥാനത്ത് പി ഡി പി 28 സീറ്റില്‍ വിജയിച്ചപ്പോള്‍ 25 സീറ്റ് നേടി ബി ജെ പിയാണ് തൊട്ടടുത്ത്. നാഷനല്‍ കോണ്‍ഫറന്‍സ് 15 സീറ്റുമായി മൂന്നാം സ്ഥാനത്താണ്. 2008ലെയും 2002ലെയും തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി 28 സീറ്റുകള്‍ നേടിയിരുന്നു. 1975 – 1982, 1987 -1996 കാലഘട്ടങ്ങളില്‍ സംസ്ഥാനം ഭരിച്ചിരുന്നതും കോണ്‍ഫറന്‍സായിരുന്നു. സംസ്ഥാനത്തെ 12-ാമത് നിയമ സഭാ തിരഞ്ഞെടുപ്പാണിത്. പ ിഡ ിപിക്ക് 32 മുതല്‍ 38 വരെയും ബി ജെ പിക്ക് 27മുതല്‍ 33 വരെ സീറ്റുകളുമായിരുന്നു എക്‌സിറ്റ്‌പോള്‍ പ്രവചനം. ഝാര്‍ഖണ്ഡില്‍ ബി ജെ പി ഭൂരിപക്ഷത്തിന് അരികിലെത്തി ഭരണം ഉറപ്പാക്കിയിട്ടുണ്ട്.
ജമ്മുകാശ്മീരില്‍ ബി ജെ പിയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ തവണ 11 സീറ്റില്‍ നിന്ന് അവരുടെ നിയമസഭാ പ്രാതിനിധ്യം 25 ആയി ഉയര്‍ന്നു. മുന്‍ തിരഞ്ഞെടുപ്പില്‍ സഖ്യത്തിലായിരുന്ന നാഷനല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും വേറിട്ടു മത്സരിച്ചതിനെ തുടര്‍ന്ന് മതേതര വോട്ടുകള്‍ ഭിന്നിച്ചതാണ് ബി ജെ പിക്ക് നേട്ടമായത്. സംസ്ഥാനത്ത് പുതിയ ഭരണ യൂനിറ്റുകള്‍ രൂപവത്കരിക്കാനുള്ള നാഷനല്‍ കോണ്‍ഗ്രസിന്റെ പദ്ധതിയോടുള്ള വിയോജിപ്പാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള അകല്‍ച്ചക്ക് കാരണം. നാഷനല്‍ കോണ്‍ഫറന്‍സ് തങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നും കോണ്‍ഗ്രസിന് പരാതിയുണ്ട്. കാശ്മീരില്‍ അടുത്തിടെയുണ്ടായ പ്രളയ ദുരിതം നേരിടുന്നതില്‍ ഉമര്‍ അബ്ദുല്ല സര്‍ക്കാര്‍ കനത്ത പരാജയമായിരുന്നുവെന്ന രാഷ്ട്രീയ പ്രതിയോഗികളുടെ പ്രചാരണവും ഭരണകക്ഷിക്ക് ദോഷം ചെയ്തു.
ഇത്തവണ കേന്ദ്രത്തിലെ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് അധികാരം പിടിക്കണമെന്ന വാശിയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള എല്ലാ അടവുകളും ബി ജെ പി പയറ്റിയിരുന്നു. കൂടുതല്‍ മുസ്‌ലിം സ്ഥാനാര്‍ഥികളെ ഇതിനായി രംഗത്തിറക്കി. 70 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടി സ്ഥാനാര്‍ഥികളില്‍ 32 പേരും മുസ്‌ലിംകളാണ്. ഇവരില്‍ 25 പേരും കാശ്മീര്‍ താഴ്‌വരയിലാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായി ലഡാക്ക് മേഖലയില്‍ മൂന്ന് ബുദ്ധമതക്കാരെയും പാര്‍ട്ടി മത്സരിപ്പിച്ചു. മാത്രമല്ല, ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അക്കാര്യത്തില്‍ മൗനം പാലിക്കുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആറ് മണ്ഡലങ്ങളില്‍ മൂന്നെണ്ണത്തില്‍ വിജയിച്ചതും പാര്‍ട്ടിക്ക് ആത്മവിശ്വാസം പകര്‍ന്നിരുന്നു. എന്നാല്‍, കാശ്മീര്‍ താഴ്‌വരയില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. ബി ജെ പി അവകാശപ്പെടുന്ന മോദിതരംഗം അവിടെ ഏശിയിട്ടില്ല. ജമ്മുവാണ് പാര്‍ട്ടിയെ കാര്യമായും തുണച്ചത്.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പി ഡി പി നയിക്കുന്ന മന്ത്രിസഭയായിരിക്കും സംസ്ഥാനത്ത് അധികാരത്തിലേറുകയെന്നാണ് കണക്കുകൂട്ടല്‍. അത് കോണ്‍ഗ്രസ് പിന്തുണയോടെയോ, ബി ജെ പി പിന്തുണയോടെയോ എന്നാണറിയാനുള്ളത്. രണ്ട് കക്ഷികളും പി ഡി പിക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും പാര്‍ട്ടി അധികാരത്തിലേറിയാല്‍ കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാറുമായി സഹകരിച്ചു മുന്നോട്ട് പോകുമെന്ന പാര്‍ട്ടി അധ്യക്ഷ മഹ്ബൂബ മുഫ്തിയുടെ പ്രസ്താവനയും പാര്‍ട്ടിയുടെ സമുന്നത നേതാവും മുന്‍മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സഈദിന്റെ ബി ജെ പിയുമായുള്ള നല്ല ബന്ധവും പി ഡി പി- ബി ജെ പി സഖ്യസര്‍ക്കാറിനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ സാധ്യത തള്ളക്കളയാനാകില്ലെന്ന് പി ഡി പി വക്താവ് നഈം വ്യക്തമാക്കിയിട്ടുമുണ്ട്.
ഝാര്‍ഖണ്ഡില്‍ അഭിപ്രായ വോട്ടെടുപ്പുകളിലെല്ലാം ബി ജെ പി സഖ്യത്തിന് കേവല ഭൂരിപക്ഷം പ്രവചിച്ചിരുന്നെങ്കിലും 42 സീറ്റാണ് അവര്‍ക്ക് ലഭിച്ചത്. 81 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് 41 സീറ്റ് വേണം. പാര്‍ട്ടിക്ക് ഇന്ത്യാ ടുഡെ 41 മുതല്‍ 49 വരെയും എ ബി ബി ന്യൂസ് നീല്‍സണ്‍ 54 ഉം, ടുഡേ ചാണക്യ 69 സീറ്റ് വരെയും സീറ്റുകളാണ് പ്രഖ്യാപിച്ചിരുന്നത്. ആ കണക്കുകൂട്ടല്‍ തെറ്റിയെങ്കിലും ചെറുകക്ഷികളുടെ പിന്തുണയോടെ ബി ജെ പിക്ക് ഭരിക്കാനാകും. നിലവിലെ ഭരണകക്ഷിയായ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ഇവിടെ 19 സീറ്റില്‍ വിജയിച്ചപ്പോള്‍ 21 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ അംഗബലം ആറായി ചുരുങ്ങി. ജെ എം എമ്മുമായുള്ള സഖ്യം അവസാനിപ്പിച്ച് ആര്‍ ജെ ഡിയും , ജെ ഡി യുമായി ചേര്‍ന്ന് മത്സരിച്ചതാണ് കോണ്‍ഗ്രസിന് വിനയായത്. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ബി ജെ പിയും 18 സീറ്റുകള്‍ നേടി ഒപ്പത്തിനൊപ്പമായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍. കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ ജനതാദളിന്റെയും പിന്തുണയോടെയാണ് അന്ന് മോര്‍ച്ച അധികാരത്തിലേറിയത്. മോദി തരംഗം പ്രതീക്ഷിച്ച ബി ജെ പിയും പരസ്പരം മത്സരിച്ച മതേതര കക്ഷികളും തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.