ദുബൈയില്‍ നിന്ന് തിരിച്ച യുവാവിനെ കാണാനില്ലെന്ന്

Posted on: December 23, 2014 7:52 pm | Last updated: December 23, 2014 at 7:52 pm

Abdul-Jaleel-Missingeദുബൈ: ദുബൈയില്‍ നിന്നും മംഗളൂരു എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ കാസര്‍കോട് സ്വദേശിയെ കാണാനില്ലെന്ന് പരാതി. കാസര്‍കോട് അംഗടിമുഗര്‍ ബെറുവം സ്വദേശി അബ്ദുല്‍ ജലീലി (30) നെയാണ് കാണാതായത്. പരേതനായ മുഹമ്മദിന്റെയും നഫീസയുടെയും മകനാണ് കാണാതായ ജലീല്‍. ഫുജൈറ കല്‍ബയില്‍ ഫാന്‍സി കട നടത്തുന്ന ജലീല്‍ പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് നാട്ടിലേക്ക് പോയത്. വ്യാഴാഴ്ച ദുബൈ എയര്‍പോര്‍ട്ടില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് ജലീല്‍ മംഗളൂരുവിലേക്ക് പോയത്. വെള്ളിയാഴ്ച രാവിലെ 7.15ന് മംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ജലീല്‍ യാത്രചെയ്തിരുന്നതായി എയര്‍പോര്‍ട്ട് അധികൃതര്‍ ബന്ധുക്കള്‍ക്ക് വിവരം നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ജലീലിന്റെ ബന്ധുക്കള്‍ ബജ്‌പെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. വ്യാഴാഴ്ച ദുബൈ എയര്‍പോര്‍ട്ടില്‍ കയറിയ ശേഷം ജലീലുമായുള്ള ഫോണ്‍ ബന്ധം നഷ്ടപ്പെട്ടിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. ഫോണ്‍ സ്വിച്ച്ഡ്ഓഫ് ചെയ്ത നിലയിലാണെന്ന് ജലീലിന്റെ ബന്ധുവായ മുനീര്‍ പറഞ്ഞു.
പിതാവിന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം ജലീല്‍ നാട്ടില്‍ എത്തിയിരുന്നു. അതിന് ശേഷം നവംബര്‍ 22നാണ് വീണ്ടും ഗള്‍ഫിലേക്ക് മടങ്ങിയത്. അന്ന് ഗോവയിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോയി അവിടെ നിന്നുമാണ് ജലീല്‍ ദുബൈയിലേക്ക് പോയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അഞ്ചു സഹോദരിമാരാണ് ജലീലിനുള്ളത്. ഉമ്മയ്ക്കും സഹോദരിമാര്‍ക്കുമുള്ള ഏക ആശ്രയവും ജലീല്‍.