Connect with us

Palakkad

പാലക്കാടിനെ ഞെട്ടിച്ച് മാവോയിസ്റ്റ് അക്രമണം

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയിലും ചന്ദ്രനഗറിലും മാവോയിസ്റ്റ് ആക്രമണം. സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ അട്ടപ്പാടി മുക്കാലിയില്‍ പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ് റേഞ്ച് അടിച്ചു തകര്‍ത്ത മാവോയിസ്റ്റുകള്‍ ജീപ്പ് കത്തിച്ചു.
പുലര്‍ച്ചെ 1.20 ഓടെയാണ് 19 പേരടങ്ങുന്ന സംഘം ആക്രമണം നടത്തിയത്. പാലക്കാട് ചന്ദ്രനഗറില്‍ കെ എഫ് സി റസ്‌റ്റോറന്റും അടിച്ചുതകര്‍ത്തു. വയനാട് വെള്ളമുണ്ടയിലെ ഫോറസ്റ്റ് ഔട്ട്‌പോസ്റ്റ് ആക്രമിച്ച മാവോയിസ്റ്റുകള്‍ ഓഫീസിലെ കട്ടിലുകള്‍ കത്തിക്കുകയും ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. അനുകൂലികളെന്ന് കരുതുന്ന രണ്ട് പേരെ പാലക്കാട്ട് കസ്റ്റഡിയിലെടുത്തു. കെ എഫ് സി ആക്രമിച്ചവരുടെ സി സി ടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. അതേസമയം, സൈലന്റ് വാലിയിലെ മാവോയിസ്റ്റ് സാന്നിധ്യം സംബന്ധിച്ച മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ അവഗണിച്ചെന്ന് പരാതിയുണ്ട്. സൈലന്റ് വാലി കരുതല്‍ വനമേഖലയില്‍ ഒരുമാസം മുമ്പ് ആദിവാസി വാച്ചര്‍ക്കുനേരെ മാവോയിസ്റ്റ് ആക്രമണമുണ്ടായിട്ടും നടപടികള്‍ എടുത്തിരുന്നില്ല. അട്ടപ്പാടി മുക്കാലിയിലെ ഫോറസ്റ്റ് ഓഫീസ് മാവോയിസ്റ്റുകള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് സൈലന്റ് വാലി പാര്‍ക്ക് മൂന്ന്ദിവസം പൂട്ടിയിടാന്‍ തീരുമാനിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമേ പിന്നീട് പാര്‍ക്കില്‍ സന്ദര്‍ശകരെ അനുവദിക്കൂവെന്ന് വാര്‍ഡന്‍ ശില്‍പ വി കുമാര്‍ പറഞ്ഞു. അവധിക്കാലമായതിനാല്‍ സംസ്ഥാനത്തിന് അകത്തും പുറത്തും നിന്ന് നിരവധിപേര്‍ പാര്‍ക്കില്‍ എത്തുന്ന സമയമാണിത്. ദിവസം കുറഞ്ഞത് 200 പേര്‍ വരുന്നതായാണ് കണക്ക്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പലരും സന്ദര്‍ശനത്തിനു നേരത്തെ ബുക്കുചെയ്തിട്ടുണ്ട്. അട്ടപ്പാടി മുക്കാലിയില്‍ പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ് റേഞ്ച് അടിച്ചു തകര്‍ത്തതിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. അതേസമയം സ്ഥിരീകരണത്തിന് കൂടുതല്‍ തെളിവുകള്‍ ആവശ്യമുണ്ടെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച പാലക്കാട് കലക്ടര്‍ കെ രാമചന്ദ്രന്‍ പറഞ്ഞു.

Latest