Connect with us

Kozhikode

പുറത്ത് കാണുന്ന എം ടിയല്ല അകത്ത്: ലാല്‍ജോസ്

Published

|

Last Updated

കോഴിക്കോട്: ചിരിക്കാതെയും അധികം സംസാരിക്കാതെയും പരുക്കനായ എം ടിയെയാണ് പുറം ലോകത്തിന് പരിചയമെങ്കിലും അദ്ദേഹവുമായി അടുത്താല്‍ ആ ധാരണകളെല്ലാം തിരുത്തപ്പെടുമെന്ന് പ്രശസ്ത സംവിധായകന്‍ ലാല്‍ജോസ്. തനിക്കും ആദ്യകാലത്ത് എം ടിയെന്നാല്‍ പരുക്കനായ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ എഴുത്തുപോലെ മനോഹരവും ആഴമുള്ളതുമാണ് ആ വ്യക്തിത്വമെന്ന് ലാല്‍ജോസ് അഭിപ്രായപ്പെട്ടു.
ജ്ഞാനപീഠ ജേതാവ് എം ടി വാസുദേവന്‍ നായരെക്കുറിച്ച് ഹരിതം ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പതിനൊന്ന് പുസ്തക പരമ്പരയിലെ മൂന്നാമത്തെ പുസ്തകം അക്ബര്‍ കക്കട്ടിലിന്റെ നമ്മുടെ എം ടി ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. എം ടിയുടെ കൃതികളും സിനിമകളും ഏതൊരു കലാകാരനും തലമുറ വ്യത്യാസമില്ലാതെ പ്രചോദനകരമാണെന്ന് അദ്ദേഹം പറഞ്ഞു. മുന്‍മന്ത്രി സി കെ നാണു എം എല്‍ എ പുസ്തക പ്രകാശനം നിര്‍വഹിച്ചു.
അഡ്വ. പി എസ് ശ്രീധരന്‍പിള്ള അധ്യക്ഷനായിരുന്നു. കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ എസ് കൃഷ്ണകുമാര്‍ എം ടിയുടെ നോവല്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. അക്ബര്‍ കക്കട്ടില്‍, പ്രതാപന്‍ തായാട്ട്, ഇ ആര്‍ ഉണ്ണി, എ വി ബീന സംസാരിച്ചു. എം ടി പരമ്പരയിലെ നാലാമത്തെ പുസ്തകം തിരക്കഥാകൃത്ത് ശത്രുഘ്‌നന്റെ എം ടിയും ഞാനും”ഇന്ന് വൈകുന്നേരം 5 ന് ജി സുധാകരന്‍ എം എല്‍ എ പ്രകാശനം ചെയ്യും. കല്‍പറ്റ നാരായണന്‍ ഏറ്റുവാങ്ങും. പൊലീസ് ക്ലബ്ബില്‍ നടക്കുന്ന പുസ്തകോത്സവം 31ന് സമാപിക്കും.

Latest