പ്രധാനാധ്യാപകന്റെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്

Posted on: December 23, 2014 12:49 am | Last updated: December 22, 2014 at 11:49 pm

കണ്ണൂര്‍: തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഗവ. ഹൈസ്‌കൂളിലെ പ്രധാനാധ്യാപകന്‍ ഇ പി ശശിധരന്‍ ആത്മഹത്യ ചെയ്ത സംഭവം സംബന്ധിച്ച അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
തളിപ്പറമ്പ് എം എല്‍ എ ജയിംസ് മാത്യു ഭീഷണിപ്പെടുത്തിയതാണ് താന്‍ ആത്മഹത്യചെയ്യാന്‍ കാരണമെന്ന ശശിധരന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. ശശിധരന്റെ ഭാര്യ ശ്രീലതയും ഭാര്യാ സഹോദരന്‍ സജീവനും ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഇന്നലെ ഡി സി സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ ശശിധരന്റെ വീട് സന്ദര്‍ശിച്ചു.
ഭര്‍ത്താവിന്റെ മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഇനിയൊരാള്‍ക്കും ഈ ഗതിയുണ്ടാകരുതെന്നും അവര്‍ പറഞ്ഞു.
ഈ മാസം 15 നാണ് അധ്യാപകനെ കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.