Connect with us

International

തുനീഷ്യയില്‍ അസ്സബ്‌സിക്ക് മികച്ച വിജയം

Published

|

Last Updated

തുനീസ്: അറബ് വസന്തത്തിനുശേഷം രാജ്യത്ത് ഭരണം കൈയാളിയ അന്നഹ്ദയുടെ അനൗദ്യോഗിക പിന്തുണയുള്ള മര്‍സൂഖിയെ പുറംന്തള്ളി ഇസ്‌ലാമിസ്റ്റ് വിരുദ്ധനും മതേതര നിലപാടുകളുമുള്ള ബാജി ഖാഇദ് അസ്സബ്‌സിക്ക് ഉജ്വല വിജയം. അസ്സബ്‌സി 55.68 ശതമാനം വോട്ട് നേടിയാണ് വിജയം ഉറപ്പിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. അറബ് വസന്തത്തെ തുടര്‍ന്ന് മുന്‍ ഭരണാധികാരി സൈനുല്‍ ആബിദീന്‍ ബിന്‍ അലി അധികാരഭ്രഷ്ടനായതിന് ശേഷം നടന്ന ജനാധിപത്യ തിരഞ്ഞെടുപ്പിലാണ് അസ്സബ്‌സി മികച്ച വിജയം കരസ്ഥമാക്കിയിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഹ്ലാദവുമായി നഗരങ്ങള്‍ കീഴടക്കിയതായി അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ പരാജയ വാര്‍ത്തകള്‍ മുന്‍സിഫ് മര്‍സൂഖി തള്ളിക്കളഞ്ഞു. 27 പേര്‍ മത്സര രംഗത്തുണ്ടായിരുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.
39 ശതമാനം വോട്ടുമായി ആദ്യ റൗണ്ടില്‍ മുന്നിലെത്തിയ ബാജി ഖാഇദ് അസ്സബ്‌സിയും രണ്ടാമതെത്തിയ ഇടക്കാല പ്രസിഡന്റ് മുന്‍സിഫ് മര്‍സൂഖിയും തമ്മിലായിരുന്നു രണ്ടാംഘട്ട മത്സരം. അറബ് വസന്തത്തിന് ശേഷം അധികാരത്തിലിരുന്ന അന്നഹ്ദയുടെ മര്‍സൂഖി വിജയം അവകാശപ്പെട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം അദ്ദേഹത്തിന് എതിരായി. 2011ല്‍ പുറത്താക്കപ്പെട്ട മുന്‍ ഭരണാധികാരി സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ മന്ത്രിസഭയില്‍ നിര്‍ണായക പദവികള്‍ വഹിച്ചിരുന്ന വ്യക്തിയാണ് അസ്സബ്‌സി. രണ്ട് മാസങ്ങള്‍ക്കിടെ തുനീഷ്യയില്‍ നടക്കുന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പാണിത്. ഒക്ടോബര്‍ അവസാനത്തില്‍ നടന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ അസ്സബ്‌സിയുടെ നിദാ തൂനിസ് വിജയിച്ചിരുന്നു. പ്രസിഡന്റ് പദവിയിലേക്കുള്ള മത്സരത്തിലും അസ്സബ്‌സി തന്നെയായിരിക്കുമെന്ന് നേരത്തെ പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇദ്ദേഹത്തിന് കേവല ഭൂരിപക്ഷം നേടാനായില്ല. ഇതോടെയാണ് ആഴ്ചകള്‍ക്കിടെ രണ്ടാം ഘട്ട വോട്ടെടുപ്പിലേക്ക് തുനീഷ്യ വീണ്ടും പ്രവേശിച്ചത്.
വോട്ടെടുപ്പിന്റെ ഭാഗമായി പതിനായിരക്കണക്കിന് സുരക്ഷാ സൈനികരെ വിവിധ കേന്ദ്രങ്ങളില്‍ വിന്യസിച്ചിരുന്നു.