Connect with us

Malappuram

ഇനി നബികീര്‍ത്തന നാളുകള്‍

Published

|

Last Updated

മലപ്പുറം; പുണ്യ റബീഇന്റെ വിളംബരവുമായി മാനത്ത് പൊന്നമ്പിളിയുടെ നിലാവെളിച്ചം. മണ്ണിലും വിണ്ണിലും ഇനി പ്രവാചക പ്രകീര്‍ത്തനത്തിന്റെ നിലക്കാത്ത മന്ത്രധ്വനികള്‍. ലോകാനുഗ്രഹി മുഹമ്മദ് നബിയുടെ 1489ാം ജന്‍മദിനം സമാഗതമായി. വിശ്വാസി ഹൃദയങ്ങളില്‍ പ്രവാചക പ്രണയം പൂത്തുലയുന്ന നാളുകളാണ് വിരുന്നെത്തിയിരിക്കുന്നത്.

റബീഉല്‍ അവ്വല്‍ 12ന് തിങ്കളാഴ്ച പ്രഭാത സമയത്ത് മക്കയിലായിരുന്നു പ്രവാചകന്റെ ജനനം. ഇന്നലെ കാപ്പാട്ട് മാസപ്പിറവി ദൃശ്യമായതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനാല്‍ ജനുവരി മൂന്നിനാണ് മീലാദ് ശരീഫ്. അന്നേ ദിവസം പ്രവാചകന്‍ ജനിച്ച സമയമായ പുലര്‍ച്ചെ മസ്ജിദുകളിലെല്ലാം മൗലിദ് സദസ്സുകള്‍ നടക്കും. പ്രവാചകന്റെ അപദാനങ്ങള്‍ വാഴ്ത്തി നാടെങ്ങും വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഇനിയുള്ള ഒരു മാസക്കാലം നഗര-ഗ്രാമ വ്യത്യാസമില്ലാതെ നടക്കും.
ഇസ്‌ലാമിക ആരാധനാ കേന്ദ്രങ്ങളും മുസ്‌ലിം ഭവനങ്ങളുമെല്ലാം മൗലിദ് പാരായണം, ബുര്‍ദ ആസ്വാദനം, മദ്ഹുര്‍റസൂല്‍ പ്രഭാഷണങ്ങള്‍, വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങള്‍, ഘോഷയാത്ര, മധുര വിതരണം തുടങ്ങിയ പരിപാടികളിലൂടെ ഈ മാസത്തെ ആഘോഷമാക്കി മാറ്റും. പുതുവസ്ത്രങ്ങളണിഞ്ഞും നഗരവീഥികളെല്ലാം അലങ്കരിച്ച് വര്‍ണാഭമാക്കിയും പ്രായവ്യത്യാസമില്ലാതെ ഒരേ മനസ്സുമായി വിശ്വാസികള്‍ ആഘോഷങ്ങളില്‍ പങ്കുചേരുന്ന കാഴ്ച ആനന്ദദായകമാണ്.