Connect with us

Malappuram

തീരത്ത് പ്രതീക്ഷയുടെ കാറ്റ് വീശി രാമച്ചം വിളവെടുപ്പ്

Published

|

Last Updated

പൊന്നാനി: തീരത്ത് പ്രതീക്ഷയുടേയും ആശ്വാസത്തിന്റെയും കാറ്റ് വീശിക്കൊണ്ട് രാമച്ചം വിളവെടുപ്പ്. കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി മുന്തിയ വില ലഭിക്കുന്നതാണ് തീരത്തെ കര്‍ഷകരെ ആഹ്ലാദത്തിലാക്കിയിരിക്കുന്നത്.
പുതുപൊന്നാനി മുതല്‍ ചാവക്കാട് വരെയുള്ള തീര പ്രദേശങ്ങളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രാമച്ചം കൃഷി ചെയ്യുന്നത്. കിലോക്ക് 100 മുതല്‍ 130 രൂപ വരെ ലഭിക്കുന്നതിനാല്‍ കൃഷി ആദായകരമാണെന്നാണ് കര്‍ഷകര്‍ ഒന്നടങ്കം പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിലയില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടില്ലെങ്കിലും പഴയ വില തന്നെ ഇത്തവണയും വിപണിയില്‍ നിലനിന്നത് കര്‍ഷകര്‍ക്ക് ആശ്വാസമാകുകയായിരുന്നു. 2012ല്‍ 25 രൂപയായിരുന്നു രാമച്ചത്തിന് വിപണിയിലുണ്ടായിരുന്ന വില.
തമിഴ്നാട്, കര്‍ണാടക ഉള്‍പ്പടെയുളള അന്യസംസ്ഥാനങ്ങളില്‍ നിന്ന് വ്യാപകമായി രാമച്ചം ഇങ്ങോട്ടേക്ക് ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയത് കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന രാമച്ചത്തിന് വിലയും ആവശ്യക്കാരും ഗണ്യമായി കൂടാതിരിക്കാന്‍ ഇത് കാരണമാണ്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന രാമച്ചങ്ങളില്‍ ഏറെ ഗുണനിലവാരമുള്ളതും ഔഷധ പ്രാധാന്യമുള്ളതുമായ രാമച്ചം പാലപ്പെട്ടി മേഖലയില്‍ ഉത്പാദിപ്പിക്കുന്നതാണ്. വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് ഇവിടത്തെ രാമച്ചമാണ്.
പുതുപൊന്നാനി മുതല്‍ ചാവക്കാട് വരെയുള്ള തീരദേശത്ത് ഉത്പാദിപ്പിക്കുന്ന രാമച്ചം കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ മൊത്ത വ്യാപാരികള്‍ക്കാണ് നല്‍കുന്നത്. ഇവരാണ് രാമച്ചം അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന കമ്പനികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും കൈമാറിയിരുന്നത്. ചില്ലറ കച്ചവടക്കാര്‍ക്ക് ഇവര്‍ കിലോക്ക് 160 രൂപയാണ് ഇപ്പോള്‍ നല്‍കുന്നത്. എന്നാല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന രാമച്ചം മൊത്ത വിതരണക്കാരിലേക്കെത്താതെ ചില്ലറ കച്ചവടക്കാര്‍ക്കും മറ്റു ആവശ്യക്കാര്‍ക്കും നേരിട്ട് നല്‍കാന്‍ തുടങ്ങിയതോടെ സംസ്ഥാനത്തുല്‍പാദിപ്പിക്കുന്ന രാമച്ചത്തിന് ആവശ്യക്കാര്‍ കുറഞ്ഞിട്ടുണ്ട്. ഒരു ഏക്കര്‍ ഭൂമിയില്‍ രാമച്ച കൃഷിയിറക്കുന്നതിനും വിളവെടുക്കുന്നതിനും വന്‍ തുകയാണ് കര്‍ഷകര്‍ക്ക് ചെലവ് വരുന്നത്. ഒരു ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താല്‍ വര്‍ഷത്തിന് 50,000 രൂപ ഭൂ ഉടമക്ക് നല്‍കണം.
വിളവെടുപ്പ് സമയത്ത് പുരുഷന് 500, സ്ത്രീകള്‍ക്ക് 350 രൂപയുമാണ് കൂലി. രാമച്ചത്തിന് ഇപ്പോള്‍ തരക്കേടില്ലാത്ത വില ലഭിക്കുന്നതിനാല്‍ പാട്ടത്തുകയും കൂലിയും കര്‍ഷകര്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നില്ല. രാമച്ചത്തിന് നല്ല വില ലഭിക്കുന്നതിനാല്‍ ഭൂ ഉടമകള്‍ പാട്ടത്തുക വര്‍ധിപ്പിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന സോപ്പ്, പൗഡര്‍, മരുന്ന്, വിശറി എന്നിവയുടെ നിര്‍മാണത്തിന് അസംസ്‌കൃത വസ്തുവായി സംസ്ഥാനത്തുനിന്നുള്ള രാമച്ചമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
ഇതേ ആവശ്യങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളിലേക്കും ഇവിടെ നിന്ന് രാമച്ചം കയറ്റിപ്പോയിരുന്നു. എന്നാല്‍ ചില്ലറ വിപണിയെ പോലും വരുതിയിലാക്കി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് രാമച്ചം വരാന്‍ തുടങ്ങിയതോടെ സംസ്ഥാനത്തെ പാരമ്പര്യ രാമച്ച കര്‍ഷകര്‍ നേരിയ ആശങ്കയിലാണ്.

Latest