നീലഗിരിയില്‍ ഒരു വര്‍ഷത്തിനിടെ ചത്തത് പത്ത് കടുവകള്‍

Posted on: December 22, 2014 8:43 am | Last updated: December 22, 2014 at 8:43 am

ഗൂഡല്ലൂര്‍: നീലഗിരിയില്‍ ഒരു വര്‍ഷത്തിനിടെ പത്ത് കടുവകള്‍ ചത്തതായി വനം വകുപ്പിന്റെ കണക്ക്. കഴിഞ്ഞ കണക്കെടുപ്പില്‍ മുതുമല വന്യജീവി സങ്കേതത്തില്‍ മാത്രം 65ഓളം കടുവകളുള്ളതായി കണ്ടെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മുതുമല അടക്കമുള്ള സ്ഥലങ്ങളിലായാണ് ഇത്രയും കടുവകള്‍ ചത്തത്.
മുതുമലക്ക് പുറമെ മസിനഗുഡി, ബോസ്പാറ, തെപ്പക്കാട്, ആനക്കട്ടി, തെങ്ങുമട, ഊട്ടി എന്നിവിടങ്ങളിലാണ് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവകള്‍ ചത്തത് സംബന്ധിച്ച് വനം വകുപ്പ് യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. ഓരോ ഇടങ്ങളിലും കടുവകളെ ചത്ത നിലയില്‍ കണ്ടെത്തുമ്പോഴും പ്രത്യേക പരിശോധന നടത്തുമെന്ന് അറിയിക്കാറുണ്ടെങ്കിലും പിന്നീട് പരിശോധനയും, അന്വേഷണവും നിലക്കാറാണ് പതിവെന്ന് പ്രകൃതി സംരക്ഷണ സംഘടനകള്‍ പറയുന്നു.