വാര്‍ഡില്‍ സി എഫ് എല്‍ വിപ്ലവം തീര്‍ത്ത് ഗ്രാമപഞ്ചായത്തംഗം പാളയം പ്രദീപ്

Posted on: December 22, 2014 8:38 am | Last updated: December 22, 2014 at 8:38 am

വടക്കഞ്ചേരി: സ്വന്തം വാര്‍ഡില്‍ പകല്‍ പോലെ വെളിച്ചം പരത്താന്‍ സി എഫ് എല്‍ വിപ്ലവം തീര്‍ത്തിരിക്കുകയാണ് വടക്കഞ്ചേരി പഞ്ചായത്തിലെ ഒരംഗം. യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലിമെന്റ് പ്രസിഡന്റും വടക്കഞ്ചേരി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡംഗവുമായ പാളയം പ്രദീപാണ് വാര്‍ഡിലെ എല്ലാ പ്രദേശത്തും സി എഫ് എല്‍ ലാബുകള്‍ കെ എസ് ഇ ബി ജീവനക്കാരുടെ സഹായത്തോടെ സ്ഥാപിച്ചത്. നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന വലിയ പ്രദേശമാണ് പതിമൂന്നാം വാര്‍ഡ്. പാളയം, പുഴക്കലിടം, ഇടം, കമ്മാന്തറ, പുളിമ്പറമ്പ്, ചന്തപ്പുര എന്നിവിടങ്ങളിലായി 83 വൈദ്യുതി പോസ്റ്റുകളാണുള്ളത്. ഇതില്‍ പലതും ബള്‍ബുകള്‍ കത്താതെയും ഫ്യൂസുകള്‍ തകരാറിലുമായി കിടക്കുന്നത് ജനങ്ങള്‍ക്ക് രാത്രികാലത്തുള്ള സഞ്ചാരത്തിന് ബുദ്ധിമുട്ടായപ്പോഴാണ് സി എഫ് എല്‍ വിപ്ലവം മെമ്പറുടെ ആശയത്തില്‍ ഉദിച്ചത്. ആദ്യം സ്വന്തം പ്രദേശമായ പാളയത്ത് പരീക്ഷിച്ചപ്പോള്‍ അത് വിജയത്തിലേക്ക് നയിച്ചതാണ് വാര്‍ഡിലെ എല്ലാ പ്രദേശത്തേക്കും വ്യാപിപ്പിക്കാന്‍ പ്രചോദനമായത്.
ഇതിന് വരുന്ന ചെലവുകളെല്ലാം തന്നെ സ്വന്തം കൈയില്‍ നിന്നും ഇറക്കും. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും സി എഫ് എല്‍ സ്ഥാപിക്കാന്‍ ഭരണസമിതിയും വൈദ്യുതി വകൂപ്പും മുന്നോട്ട് വന്നാല്‍ അടിക്കടിയുണ്ടാകുന്ന തകരാറുകള്‍ക്ക് പരിഹാരവും വൈദ്യുതിലാഭവും നേടാന്‍ സാധിക്കുണ്ടെന്നാണ് പാളയം പ്രദീപ് പറയുന്നത്