നെപ്പോളിയന്‍ ഡി എം കെ വിട്ട് ബി ജെ പിയില്‍ ചേര്‍ന്നു

Posted on: December 22, 2014 12:14 am | Last updated: December 22, 2014 at 12:14 am

NEPOLIANചെന്നൈ: ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ലെന്ന് ആരോപിച്ച്, മുന്‍ കേന്ദ്ര മന്ത്രി ഡി നെപ്പോളിയന്‍ ഡി എം കെ വിട്ട് ബി ജെ പിയില്‍ ചേര്‍ന്നു. ഡി എം കെ വിട്ടതിന്റെ പിറ്റേന്ന്, ചെന്നൈയില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിലാണ് നെപ്പോളിയന്‍ ബി ജെ പിയില്‍ ചേര്‍ന്നത്. പുറത്താക്കപ്പെട്ട നേതാവ് അഴഗിരിയുടെ അനുയായി ആയിരുന്നു സിനിമാ നടനായ നെപ്പോളിയന്‍.
ഡി എം കെയുടെ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ല. പാര്‍ട്ടിയിലെ തിരഞ്ഞെടുപ്പ് സുതാര്യമല്ല. ബി ജെ പിയില്‍ ചേര്‍ന്ന ശേഷം നടത്തിയ പ്രസംഗത്തില്‍ നെപ്പോളിയന്‍ ആരോപിച്ചു. അമിത് ഷായുടെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ ബി ജെ പിയില്‍ ചേരുന്ന മൂന്നാമത്തെ പ്രമുഖനാണ് അദ്ദേഹം. ഗാനരചയിതാവ് ഗംഗൈ അമരനും നൃത്തസംവിധായകന്‍ ഗായത്രി രഘുറാമുമാണ് മറ്റ് രണ്ട് പേര്‍.
2009-12 കാലത്ത് രണ്ടാം യു പി എയില്‍ സാമൂഹിക നീതി, ശാക്തീകരണ സഹമന്ത്രിയായിരുന്നു നെപ്പോളിയന്‍. കരുണാനിധിയുടെ മൂത്ത മകന്‍ അഴഗിരിയെ പിന്തുണച്ചതിന്റെ പേരില്‍ ഡി എം കെയില്‍ മാറ്റിനിര്‍ത്തപ്പെട്ടിരുന്നു. മുന്‍ മന്ത്രിയും തിരിച്ചിറപ്പള്ളിയിലെ പാര്‍ട്ടിയിലെ ശക്തനുമായ കെ എന്‍ നെഹ്‌റുവിന്റെ അടുത്തയാളുമാണ്. വിശാല കാഴ്ചപ്പാടുള്ളയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് നെപ്പോളിയന്‍ പറഞ്ഞു. എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രധാനമന്ത്രിയുടെ കരങ്ങളെ ശക്തിപ്പെടുത്താനാണ് ബി ജെ പിയിലേക്കുള്ള പ്രവേശമെന്ന് അദ്ദേഹം പറഞ്ഞു.