Connect with us

Kerala

ജനങ്ങളെ ചൂഷണം ചെയ്ത് ലോട്ടറിയിലൂടെ സര്‍ക്കാര്‍ കോടികള്‍ സമ്പാദിക്കുന്നു

Published

|

Last Updated

പാലക്കാട്: മദ്യത്തിന് പുറകെ ലോട്ടറിയിലൂടെ സര്‍ക്കാര്‍ ജനങ്ങളെ ചൂഷണം ചെയ്ത് കോടികള്‍ സമ്പാദിക്കുന്നു. സാമൂഹിക വിപത്തെന്ന പേരില്‍ അന്യസംസ്ഥാന ലോട്ടറികളെ എതിര്‍ത്ത സര്‍ക്കാര്‍ ലോട്ടറിയിലും മദ്യത്തെ പോലെ ജനങ്ങളെ കൊള്ളയടിച്ച് ഖജനാവ് നിറക്കുന്നതിന് ഉപാധിയായി തീര്‍ത്തിരിക്കുകയാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1287.—08 കോടിയുടെ റെക്കോര്‍ഡ് വിറ്റുവരവ് നേടാന്‍ കേരള ലോട്ടറിയെ സഹായിച്ചത് ലോട്ടറിയെ ജനപ്രിയമാക്കാന്‍ കഴിഞ്ഞതുകൊണ്ടാണെന്ന് സര്‍ക്കാറിന്റെ അവകാശവാദം.
മദ്യത്തില്‍ നിന്നും ലോട്ടറിയില്‍ നിന്നുമുള്ള റവന്യൂ വരുമാനം ഉയരുന്നത് സാമൂഹിക തകര്‍ച്ചയുടെ അളവുകോലായി പരിഗണിക്കുമ്പോഴാണ് ലോട്ടറി വില്‍പ്പനയിലൂടെയുള്ള വരുമാനം ഉയര്‍ന്നതിന്റെ പേരില്‍ സര്‍ക്കാര്‍ അവകാശവാദവുമായി രംഗത്തുവന്നിട്ടുള്ളത്. നറുക്കെടുപ്പ് കൃത്രിമം ഇല്ലെന്നതൊഴിച്ചാല്‍ സംസ്ഥാന ലോട്ടറിക്കും ചൂഷണ സ്വഭാവത്തില്‍ മാറ്റമൊന്നും പറയാനില്ല.—ഓണ്‍ ലൈന്‍ ലോട്ടറിയും അന്യസംസ്ഥാന പേപ്പര്‍ ലോട്ടറികളും പാവപ്പെട്ടവരെ വന്‍തോതില്‍ ചൂഷണം ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ എതിര്‍പ്പുമായി രംഗത്തുവന്നത്.
ആദ്യം ഓണ്‍ലൈന്‍ ലോട്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കാന്‍ കഴിഞ്ഞു. പിന്നീട് അന്യസംസ്ഥാന ലോട്ടറികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് നീണ്ട നിയമയുദ്ധങ്ങള്‍ തന്നെ സര്‍ക്കാറിന് നടത്തേണ്ടിവന്നു.—പ്രതിദിനം 30 കോടിയിലേറെ രൂപയാണ് സംസ്ഥാനത്തുനിന്ന് അന്യസംസ്ഥാന ലോട്ടറി നടത്തിപ്പുകാര്‍ കടത്തിക്കൊണ്ടുപോയിരുന്നത്. ലോട്ടറി ടിക്കറ്റെടുത്ത് സാമ്പത്തിക നില തകര്‍ന്ന പലരും ആത്മഹത്യ ചെയ്യുന്ന സാഹചര്യവും ഉണ്ടായി.
അന്യസംസ്ഥാന ലോട്ടറികളുടെ ചൂഷണം സാമൂഹിക വിപത്തായി മാറിയിരിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിക്കുകയും ചെയ്തിരുന്നു.—അന്യസംസ്ഥാന ലോട്ടറികള്‍ നിലച്ചപ്പോള്‍ നറുക്കെടുപ്പുകളുടെ എണ്ണം കൂട്ടി സംസ്ഥാന ലോട്ടറിയെ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ തയാറായത്. ആഴ്ചയില്‍ ഒരു നറുക്കെടുപ്പ് ഉണ്ടായിരുന്നത് ഏഴായി ഉയര്‍ത്തി. സിനിമ താരങ്ങള്‍ അടക്കമുള്ളവരെ പരസ്യത്തിനായി ഉപയോഗിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ബജറ്റില്‍ 363 കോടിയുടെ അധികവരുമാനം പ്രതീക്ഷിച്ച സ്ഥലത്ത് വിറ്റുവരവ് 1287 കോടിയായി ഉയരുകയായിരുന്നു. അറ്റാദായം 394 കോടിയായി. അധികവരുമാനമായി പ്രതീക്ഷിച്ച തുകയെക്കാള്‍ കൂടുതലാണിത്. 54.—25 കോടി വില്‍പ്പന നികുതിയായി ലഭിക്കുകയും ചെയ്തു. ആദ്യകാലത്ത് ആഴ്ചയില്‍ ഒന്നോ, രണ്ടോ ദിവസം മാത്രമുണ്ടായിരുന്ന ലോട്ടറി ഇപ്പോള്‍ എല്ലാദിവസവുമാക്കിയിരിക്കുകയാണ്. ഇതോടെ ലോട്ടറിയില്‍ നിന്നുള്ള വിറ്റുവരവ് 4000 കോടിയെങ്കിലും കവിഞ്ഞിരിക്കുകയാണ്. ലോട്ടറി വാങ്ങുന്നത് ഭൂരിഭാഗവും സാധാരണക്കാര്‍ തന്നെയാണ്. ഇതോടെ വിറ്റുവരവ് കൂടുന്നത് അനുസരിച്ച് സാധാരണക്കാരന്റെ ചൂഷണത്തിന്റെ വ്യാപ്തിയും വര്‍ധിക്കുകയാണ്.—
കാരുണ്യലോട്ടറി ദാരിദ്രരുടെ ചികിത്സാ പദ്ധതിക്ക് വേണ്ടിയുള്ള ജനോപകാരപ്രദമാണെന്ന് പറയുമ്പോഴും ഇതിലൂടെയും ജനങ്ങളെ കൊള്ളയടിച്ച് കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കാരുണ്യയിലൂടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പതിനൊന്നായിരം കോടി രൂപ സര്‍ക്കാര്‍ പിരിച്ചെടുത്തപ്പോള്‍ സമ്മാനം നല്‍കാനും കാരുണ്യചികിത്സാ പദ്ധതിക്കും ഉള്‍പ്പടെ മൊത്തം ചെലവഴിച്ചത് അയ്യായിരം കോടി രൂപ മാത്രം. സമ്മാനാര്‍ഹമായ ഇരുന്നൂറ്റി ഇരുപത്തി രണ്ട് കോടിരൂപയുടെ ടിക്കറ്റ് കൈമാറാന്‍ ആരുമെത്താതിരുന്നിട്ടും ഈ തുക സര്‍ക്കാര്‍ ഖജനാവിലേക്ക് നീക്കിവച്ചതുമില്ല.— ചൂഷണത്തിന്റെ പേരില്‍ അന്യസംസ്ഥാന ലോട്ടറിയെ നിരോധിച്ച സര്‍ക്കാറാണ് തട്ടിപ്പ് നടത്തുന്നുവെന്നതാണ് വിരോധാഭാസം. ഇതിനിടെ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിനെതിരെ ലോട്ടറി വില്‍പ്പനക്കാര്‍ രംഗത്ത് വന്നിട്ടുണ്ട്.
ഗുണമേന്മയില്ലാത്ത പേപ്പറില്‍ ലോട്ടറി ടിക്കറ്റ് അച്ചടിക്കുന്നതിലൂടെ നമ്പര്‍ മാഞ്ഞ് പോവുകയും വലിയ അട്ടിമറി നടക്കുകയും ചെയ്യുന്നു എന്നാണ് പരാതി.. പ്രശ്‌നം ചൂണ്ടിക്കാട്ടി നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. നമ്പര്‍ മാറ്റി പണം തട്ടുന്ന മാഫിയ സംസ്ഥാനത്ത് സജീവമാകുന്നതിനിടെയാണ് സര്‍ക്കാരിന്റെ അനാസ്ഥ. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രസില്‍ അച്ചടിക്കുന്ന ലോട്ടറി ടിക്കറ്റുകളുടെ ബാര്‍കോഡ് നിരന്തരം മാഞ്ഞുപോകുന്ന സാഹചര്യത്തിലാണ് വകുപ്പിനെതിരെ ലോട്ടറി വിതരണക്കാര്‍ രംഗത്തെതിയത്.
നിലവാരമില്ലാത്ത മഷിയും ഗുണമേയില്ലാത്ത പേപ്പറുമാണ് സര്‍ക്കാര്‍ ലോട്ടറിടിക്കറ്റിന് ഉപയോഗിക്കുന്നത്. അല്‍പ്പം വെള്ളം വീണാല്‍ ടിക്കറ്റിലെ നമ്പര്‍ മാഞ്ഞുപോകുന്നു. ഇത് വില്‍പ്പനക്കാരെയാണ് ബാധിക്കുന്നത്