Connect with us

Kerala

ഡ്രൈ ഡേ: മദ്യവില്‍പ്പനകേന്ദ്രങ്ങള്‍ തുറക്കുന്നതില്‍ ആശയക്കുഴപ്പം

Published

|

Last Updated

തിരുവനന്തപുരം: മദ്യനയത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയെങ്കിലും ബവ്‌റിജസ് കോര്‍പറേഷന്റെ മദ്യവില്‍പന കേന്ദ്രങ്ങള്‍ ഞായറാഴ്ച തുറക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം. ഞായറാഴ്ചത്തെ ഡ്രൈ ഡേ നീക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങിയതിന് നിയമസാധുതയുണ്ടാകില്ലെന്ന വാദമാണ് ആശയക്കുഴപ്പത്തിന് കാരണം. ബിയര്‍, പാര്‍ലര്‍ അനുവദിക്കുന്നതിനുള്ള കൃത്യമായ മാനദണ്ഡം പുതിയ ഉത്തരവില്‍ പറയാത്തതും സര്‍ക്കാരിന് കുരുക്കാവുകയാണ്. അബ്കാരി ചട്ടം ഭേദഗതി ചെയ്യാത്തത് ബാര്‍കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പരാജയപ്പെടാനിടയാക്കുമെന്നും ആശങ്കയുണ്ട്.
സര്‍ക്കാരിന്റെ ഭേദഗതി ഉത്തരവ് ലഭിക്കാത്തതിനാലും ചട്ടത്തിലെ ഭേദഗതി സംബന്ധിച്ച ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാലും പല ജില്ലകളിലേയും മദ്യവില്‍പന കേന്ദ്രങ്ങള്‍ ഇന്നലെ തുറന്നില്ല. ഞായറാഴ്ചത്തെ മദ്യവില്‍പ്പനയ്ക്കുള്ള വിലക്ക് നീക്കി ഉത്തരവിറങ്ങിയെങ്കിലും ഇത് അബ്കാരി ചട്ടത്തില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല. അബ്കാരി ചട്ടം ഭേദഗതി ചെയ്യാതെ ഞായറാഴ്ചത്തെ മദ്യവില്‍പനക്ക് നിയമ സാധുത ലഭിക്കില്ലെന്നതാണ് പുതിയ ആശയക്കുഴപ്പത്തിന് കാരണമായത്. എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതിയുണ്ടെങ്കില്‍ തുറക്കാനാകുമായിരുന്നെങ്കിലും അത് ഉണ്ടാകാതിരുന്നതിനാല്‍ ഇന്നലെ പലയിടങ്ങളിലും ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ കഴിഞ്ഞില്ലെന്ന് ബിവറേജസ് കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ ചില ജില്ലകളിലെ ഭൂരിഭാഗം ബവ്‌കോ വില്‍പ്പനകേന്ദ്രങ്ങളും ഇന്നലെ തുറന്നു. എക്‌സൈസ് അനുമതി ലഭിക്കുന്നതിനനുസരിച്ച് മറ്റുള്ളവയും തുറക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതതു ജില്ലകളിലെ എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍മാരുടെ നിര്‍ദേശം ലഭിച്ചശേഷം ഷോപ്പുകള്‍ തുറന്നാല്‍ മതിയെന്നാണ് ശനിയാഴ്ച രാത്രി ബവ്‌റിജസ് അധികൃതര്‍ വെയര്‍ഹൗസ് മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍, ചില ജില്ലകളിലെ ഡപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്നതിലുണ്ടായ കാലതാമസമാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. തിടുക്കത്തില്‍ മന്ത്രിസഭായോഗം വിളിച്ച് ഡ്രൈ ഡേ പിന്‍വലിച്ചെങ്കിലും അബ്കാരി ചട്ടം ഭേദഗതി ചെയ്ത് ഇത് നിയമമാക്കി മാറ്റാന്‍ സര്‍ക്കാര്‍ തുനിഞ്ഞില്ല. ഇതാണ് ഉണ്ടായ പ്രതിസന്ധിക്ക് കാരണമായത്. അതേസമയം, ഡ്രൈ ഡേ നടപ്പാക്കുന്നത് സംബന്ധിച്ച അപാകതകള്‍ പരിഹരിക്കുമെന്ന് എക്‌സൈസ് മന്ത്രി കെ ബാബു പ്രതികരിച്ചു. സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടും മദ്യശാലകള്‍ തുറന്നില്ലെങ്കില്‍ കാരണം പരിശോധിക്കും. ഞായറാഴ്ചത്തെ ഡ്രൈ ഡേ പിന്‍വലിച്ചത് നിയമപരമായാണെന്നും അദ്ദേഹം വ്യക്തമാക്കി.

Latest