Connect with us

Ongoing News

മര്‍കസ്: കാരുണ്യത്തിന്റെ കര്‍മഭൂമി

Published

|

Last Updated

മര്‍കസ് നഗര്‍: നിശ്ചയ ദാര്‍ഢ്യവും ആത്മവിശ്വാസവും മാത്രം കൈമുതലാക്കി തുടക്കം കുറിച്ച മര്‍കസ് ഇന്ന് വൈജ്ഞാനിക പെരുമയുടെയും ഒപ്പം കാരുണ്യത്തിന്റെയും കേന്ദ്രമായി ഏവരെയും അത്ഭുതപ്പെടുത്തുകയാണ്. ഒരു ചെറിയ സംവിധാനത്തില്‍ ഓടു മേഞ്ഞ കെട്ടിടത്തില്‍ മര്‍കസ് തുടക്കം കുറിക്കുമ്പോള്‍ പ്രസ്ഥാനവും പ്രദേശവും നല്‍കിയ പിന്തുണയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നിരുന്നത്.
ഇന്ന് മര്‍കസ് ഇന്ത്യയുടെ തന്നെ എണ്ണപ്പെട്ട കലാലയങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതിന് കാരണം ജനറല്‍ സെക്രട്ടറി കാന്തപുരത്തിന്റെയും സഹപ്രവര്‍ത്തകരുടേയും ദീര്‍ഘവീക്ഷണം തന്നെയാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനമായും കാരുണ്യ പ്രവര്‍ത്തനമായും മര്‍കസ് അതിന്റെ സാന്നിധ്യം അടയാളപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. മര്‍കസില്‍ നിന്ന് പുറത്തിറങ്ങിയ പണ്ഡിത പ്രതിഭകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമിക പ്രബോധനത്തിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിച്ചു മുന്നേറുകയാണ്.
സാംസ്‌കാരികവും സേവനപരവുമായ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന മര്‍കസിന് പ്രൈമറിതലം മുതല്‍ ബിരുദാനന്തര ബിരുദ കേന്ദ്രങ്ങള്‍ വരെ സ്വന്തമായുണ്ട്. മഞ്ഞു പെയ്യുന്ന കാശ്മീര്‍ താഴ്‌വരകളില്‍ നിന്ന് മര്‍കസ് ദത്തെടുത്ത കുരുന്നുകള്‍ മുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു വരെയുള്ള വിദ്യാര്‍ഥികള്‍ ഇന്ന് ഈ കലാലയത്തിന്റെ സൗന്ദര്യമാണ്. ഹോസ്റ്റലില്‍ നിന്ന് പഠിക്കാന്‍ കഴിയാത്ത അനാഥകളെ വീട്ടില്‍ നിന്ന് സംരക്ഷിക്കുന്ന മര്‍കസിന്റെ ഹോം കെയര്‍ പദ്ധതി ഇതിനകം ഏറെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഗതാതഗ സൗകര്യം പോലുമില്ലാത്ത കുഗ്രാമങ്ങളില്‍ പോലും മര്‍കസിന്റെ ഈ സേവനം ഏറെ പേരുടെ കണ്ണീരൊപ്പിയിട്ടുണ്ട്. തല ചായ്ക്കാന്‍ കൂരയോ സ്വന്തമായി ഒരു തുണ്ടു ഭൂമിയോ ഇല്ലാത്തവര്‍ക്ക് താങ്ങും തണലുമായും ഒരിറ്റു ദാഹ ജലത്തിനായി നെട്ടോട്ടമോടുന്ന പ്രദേശങ്ങളില്‍ കിണര്‍ കുഴിച്ചു നല്‍കിയും മര്‍കസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പുതിയ മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ സമ്മേളനകാലവും പുതിയ പദ്ധതികളുടെ വിളംബരവുമായാണ് കടന്നു വരുന്നത്. മര്‍കസ് നോളജ് സിറ്റിയിലെ വൈവിധ്യപൂര്‍ണമായ പദ്ധതികള്‍ തന്നെയാണ് ഈ സമ്മേളന കാലത്തെ പ്രത്യേകത.

Latest