വിഎച്ച്പി വാദം പൊളിഞ്ഞു; മതംമാറിയത് മക്കളുടെ ജാതി സര്‍ട്ടിഫിക്കറ്റിന് വേണ്ടിയെന്ന് യുവതി

Posted on: December 21, 2014 9:21 pm | Last updated: December 22, 2014 at 7:12 am
SHARE

hindu mahasabhaകൊല്ലം: ഹിന്ദുമതത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ചവരെയാണ് മതംമാറ്റിയതെന്ന വി എച്ച് പി വാദം പൊളിയുന്നു. മക്കളുടെ ജാതി സര്‍ഫിക്കറ്റ് ശരിയാക്കി കിട്ടാനാണ് മതം മാറിയതെന്ന് കൊല്ലത്ത് മതം മാറിയ യുവതി പറഞ്ഞു. കൊല്ലം അഞ്ചല്‍ സ്വദേശി അംബികയുടേതാണ് വെളിപ്പെടുത്തല്‍.
മക്കളുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റില്‍ ക്രിസ്ത്യന്‍ എന്നത് ഹിന്ദു എന്നാക്കി കിട്ടാന്‍ സര്‍ക്കാരിനെ സമീപിച്ചു. വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് സന്ദര്‍ശിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് വിശ്വ ഹിന്ദു പരിഷത്ത് നേതാക്കളെ സമീപിച്ചതെന്നും യുവതി പറഞ്ഞു. ക്രിസ്ത്യന്‍ പെന്തക്കോസ്ത് വിഭാഗത്തില്‍പെട്ട യുവതിയേയും രണ്ട് മക്കളേയും അവര്‍ ആഗ്രഹിച്ച പ്രകാരം ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചെന്നായിരുന്നു വിഎച്ച്പി വാദം. താന്‍ ഹിന്ദു വേളാര്‍ സമുദായത്തില്‍പെട്ടയാളായിരുന്നെന്നും ക്രിസ്ത്യന്‍ പെന്തക്കോസ്ത് വിഭാഗത്തില്‍പെട്ട രാജു എന്നയാളെ കല്യാണം കഴിച്ച് ക്രിസ്ത്യന്‍ മതവിശ്വാസിയായി കഴിയുകയായിരുന്നെന്നും അംബിക പറഞ്ഞു. പിന്നീട് വിവാഹമോചനത്തിന്‌ശേഷം തന്റെ രണ്ട് പെണ്‍മക്കളെ തന്റെ സമുദായത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. ഇത് നടക്കാത്തതിനെ തുടര്‍ന്നാണ് വേളാര്‍ സമുദായത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പിയെ സമീപിച്ചതെന്ന് അംബിക പറഞ്ഞു.