Connect with us

Ongoing News

പുതിയ ഖിലാഫത്ത് പ്രഖ്യാപനങ്ങള്‍ ശരീഅത്ത് വിരുദ്ധം: പണ്ഡിത സമ്മേളനം

Published

|

Last Updated

കോഴിക്കോട് : അറബ് മുസ്‌ലിം ലോകത്ത് നിന്നും ഉയര്‍ന്നു വരുന്ന പുതിയ ഖിലാഫത്ത് പ്രഖ്യാപനങ്ങള്‍ ഇസ്‌ലാമിക ശരീഅത്തിനു വിരുദ്ധമാണെന്ന് മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന പണ്ഡിത സമ്മേളനം വിലയിരുത്തി. നിലവിലുള്ള ഭരണകൂടങ്ങള്‍ നേരിടുന്ന കഠിനമായ പ്രതിസന്ധികളെ രമ്യമായി പരിഹരിക്കാന്‍ ഉതകുന്ന മാതൃകകള്‍ ഇസ്‌ലാമിക ശരീഅത്തില്‍ ലഭ്യമാണെന്നും, ആ ദിശയിലുള്ള അന്വേഷണങ്ങളെ പോലും ഇല്ലാതാക്കിക്കളയുന്നതാണ് പുതിയ ഖിലാഫത്ത് വാദങ്ങളെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.

സ്വയം അവരോധിതമായ ഖിലാഫത്തുകളുടെ കാലത്ത് യഥാര്‍ത്ഥ ഖിലാഫത്ത് എന്താണെന്നു ലോകം തിരിച്ചറിയേണ്ടതുണ്ട്. നീതിന്യായ വ്യവസ്ഥിതിയെ പൂര്‍ണ്ണമായും നിയമവാഴ്ചയുടെ പിന്‍ബലത്തില്‍ വളര്‍ത്തിയെടുത്തത് ചരിത്രത്തില്‍ ഇസ്‌ലാം മാത്രമാണ്. രാഷ്ട്ര രൂപീകരണത്തില്‍ ക്ഷേമതത്വങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഇസ്‌ലാമിക മാതൃക ചരിത്രത്തിലുടനീളം അതുല്ല്യമാണ്. കൈവെട്ടലും ചാട്ടവാറടിയും കല്ലെറിഞ്ഞു കൊല്ലലുമാണ് ഇസ്‌ലാമിക ശരീഅത്തെന്നു ലോകം ധരിക്കാന്‍ തുടങ്ങിയത് പുതിയ സ്വയം അവരോധിത ഖലീഫമാരുടെ കാലത്ത് മാത്രമാണ്. ഭയം വിതക്കുന്ന വിധ്വംസക ശക്തികള്‍ ഇസ്‌ലാമിക ഖിലാഫത്തിനെ നിര്‍വ്വചിക്കാന്‍ തുടങ്ങിയപ്പോള്‍ മുഴുവന്‍ പ്രാകൃത തത്വങ്ങളും ഇസ്‌ലാമിന്റെ മേല്‍ ആരോപിക്കുന്ന വാര്‍പ്പ് മാതൃകകള്‍ പൊതുമണ്ഡലത്തില്‍ ശക്തമായി. ഇസ്‌ലാമിക ഭരണത്തിന്റെ മാനുഷിക ഭാവങ്ങളെ ലോകം പഠിക്കണം. തീവ്രമായ ധാര്‍മ്മിക ബോധത്തില്‍ കടഞ്ഞെടുത്ത മാനുഷികതയാണ് ശരീഅത്ത് പ്രതിനിധീകരിക്കുന്നത്. പ്രമേയം പറഞ്ഞു.

സമസ്ത കേരള ജംഇയത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കോട്ടൂര്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, മുഖ്താര്‍ ഹസ്‌റത്ത്, ഹുസൈന്‍ മുസ്‌ലിയാര്‍ പടനിലം, മൊയ്തീന്‍ കുട്ടി ബാഖവി പൊന്മള, അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, പി.വി മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, കെ അബൂബക്കര്‍ മുസ്‌ലിയാര്‍, പി ഹസ്സന്‍ മുസ്‌ലിയാര്‍, മഞ്ഞപറ്റ ഹംസ മുസ്‌ലിയാര്‍, പകര മുഹമ്മദ് അഹ്‌സനി, കെ.എസ് മുഹമ്മദ് മുസ്‌ലിയാര്‍, കെ.എം അബ്ദുറഹ്മാന്‍ ബാഖവി, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, ഉമറലി സഖാഫി എടപ്പുലം സംസാരിച്ചു.

നവ മാധ്യമങ്ങളെ അധാര്‍മികത പ്രവണതകള്‍ക്കും തീവ്രവാദ പ്രചരണത്തിനും വേണ്ടി ദുരുപയോഗം ച്ചെയ്യുന്നതിനെതിരെ സമൂഹം ജാഗ്രത കൈകൊള്ളണമെന്ന് ദഅ്‌വ സമ്മേളനം അഭിപ്രായപ്പെട്ടു. കെ.പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം ഉദ്ഘാടനം ചെയ്തു, വി.പി.എം ഫൈസി വെല്ല്യാപള്ളി അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, പി.എസ്.കെ മൊയ്തു ബാഖവി മാടവന, അബൂ ഹനീഫല്‍ ഫൈസി തെന്നല, അബ്ദുറശീദ് കാമില്‍ സഖാഫി കക്കിഞ്ച, അബ്ദുല്‍ കരീം സഖാഫി ഇടുക്കി, ഹസന്‍ സഖാഫി തറയിട്ടാല്‍, അശ്‌റഫ് സഖാഫി കടവത്തൂര്‍, അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം, ഫൈസല്‍ അഹ്‌സനി ഉളിയില്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കട്ടിപ്പാറ, കുഞ്ഞുമുഹമ്മദ് സഖാഫി പറവൂര്‍, അബ്ദുള്ള സഖാഫി മലയമ്മ, ഉസ്മാന്‍ സഖാഫി മാവൂര്‍ പ്രസംഗിച്ചു.