Connect with us

Ongoing News

ക്ലബ് ലോകകപ്പ് റയല്‍ മാഡ്രിഡിന്

Published

|

Last Updated

മറാക്കെ: ഫിഫ ക്ലബ് ലോകകപ്പ് കിരീടം സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്. ഫൈനലില്‍ അര്‍ജന്റെന്‍ ക്ലബ് സാന്‍ ലോറന്‍സോയെ എതിരില്ലാത്തെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് റയല്‍ ചരിത്രത്തിലാദ്യമായി ക്ലബ് ലോകകപ്പ് കിരീടം നേടിയത്. 37ാം മിനിറ്റില്‍ സെര്‍ജിയോ റാമോസും 51ാം മിനിറ്റില്‍ ഗരെത് ബെയ്‌ലുമാണ് റയലിനായി ഗോള്‍ നേടിയത്. ഈ സീസണില്‍ റയലിന്റെ തുടര്‍ച്ചയായ 22ാമത്തെ ജയമാണിത്. റാമോസിന്റെ ഹെഡറിലൂടെയാണ് ആദ്യ ഗോള്‍ പിറന്നത്. ടോണി ക്രൂസിന്റെ കോര്‍ണര്‍ കിക്ക് റാമോസ് ഗോള്‍ വര കടത്തുകയായിരുന്നു. ഇസ്‌കോ നല്‍കിയ പന്ത് ഇടങ്കാല്‍ കൊണ്ടു തൊടുത്താണ് ഗരെത് ബെയ്ല്‍ റയലിന്റെ രണ്ടാം ഗോള്‍ നേടിയത്. ബൈയ്‌ലിന്റെ ഈ സീസണിലെ 13ാം ഗോളാണിത്. അവസാന നിമിഷങ്ങളില്‍ സാന്‍ ലോറന്‍സോ മുന്നേറ്റം നടത്തിയെങ്കിലും റയലിന്റെ ഗോള്‍മുഖം ഗോള്‍കീപ്പര്‍ ഐകര്‍ കസിയസില്‍ ഭദ്രമായിരുന്നു. ക്ലബ് ലോകകപ്പിന്റെ പഴയ പതിപ്പായ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ റയല്‍ മൂന്ന് തവണ ചാമ്പ്യന്‍മാരായിട്ടുണ്ട്. ഇതാദ്യമായാണ് റയല്‍ ക്ലബ് ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്. ഈ വര്‍ഷത്തെ നാലാമത്തെ കിരീടനേട്ടവുമാണിത്. നേരത്തെ ചാമ്പ്യന്‍സ് ലീഗ്, കോപ ഡി റിയ, യൂറോപ്യന്‍ സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ റയല്‍ നേടിയിരുന്നു.

Latest