Connect with us

Palakkad

മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ഒരു സര്‍ക്കാറിനും കഴിയില്ല: ആഭ്യന്തരമന്ത്രി

Published

|

Last Updated

ഒറ്റപ്പാലം: മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ഒരു സര്‍ക്കാറിനും കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ ശക്തമായ കാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗരൂകരാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സി എസ് എന്‍ സ്മാരക സാംസ്‌കാരിക സംഘടനകളുടെ ഏഴാമത് കെ പി എസ് മേനോന്‍ മെമ്മോറിയല്‍ അവാര്‍ഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേടിരുന്ന പ്രശ്‌നം വൈറ്റ് കോളര്‍ കുറ്റകൃത്യവും സോഷ്യല്‍ മീഡിയയുടെ ദുരുപയോഗവുമാണ്.
ഏറ്റവും കൂടുതല്‍ പരാതികള്‍ വന്നുകൊണ്ടിരിക്കുന്നത് സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ചാണ്. പലപ്പോഴും ഹീനമായ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സമയത്ത് സൗകര്യങ്ങളുടെ അപര്യാപ്തത നിയമപാലനത്തിന് തടസാകുന്നുവെന്ന് മന്ത്രി പറഞ്ഞു. പണ്ട് കാലഘട്ടത്തിലെ അവസ്ഥകള്‍ തീരുമാനിച്ചിരുന്നതില്‍ പ്രിന്റ് മീഡിയകള്‍ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. ഇന്ന് ദിനപത്രങ്ങളുടെ അജണ്ട പലപ്പോഴും ദൃശ്യമാധ്യമങ്ങള്‍ കൈയടക്കിയിരിക്കുന്ന കാലഘട്ടമാണ്. ഇന്നത് സോഷ്യല്‍ മീഡിയകള്‍ നിയന്ത്രിക്കുന്നു.
സ്വതന്ത്ര മനസോട് കൂടിയ ഉത്തരവാദപ്പെട്ട പത്രപ്രവര്‍ത്തനമാണ് ഇന്നത്തെ കാലഘട്ടത്തില്‍ വേണ്ടതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ പത്മശ്രീ ടി ജെ എസ് ജോര്‍ജ് മന്ത്രിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. സംഗീത-നൃത്തോത്സവത്തിന്റെ ഉദ്ഘാടനം എം പി വീരേന്ദ്രകുമാര്‍ നിര്‍വഹിച്ചു.
ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. പി ടി നരേന്ദ്രമേനോന്‍ അധ്യക്ഷത വഹിച്ചു. എം ഹംസ എം എല്‍ എ, എ സി ആഷാനാഥ്, എ ജി കെ നായര്‍, ഇ പി ചിത്രഷ് നായര്‍, ശിവകുമാര്‍ ഏറാടി, ഡോ. കെ എസ് മേനോന്‍, ആര്‍ മധുസൂദനന്‍, വി എ സാലു സംസാരിച്ചു.