അകകണ്ണിലെ വെളിച്ചവും മങ്ങിയ കാഴ്ചയുമായി അവര്‍ ക്രീസില്‍ നിറഞ്ഞാടി

Posted on: December 21, 2014 10:15 am | Last updated: December 21, 2014 at 10:15 am

മലപ്പുറം: അകകണ്ണിലെ വെളിച്ചവും മങ്ങിയ കാഴ്ചയുമായി എം എസ് പി ഗ്രൗണ്ടില്‍ ബാറ്റും ബോളുമേന്തി അവര്‍ കളിച്ചത് ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കൊപ്പം. കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ്(കെ എഫ് ബി) മലപ്പുറവും കെ എഫ് ബി പാലക്കാടും തമ്മില്‍ നടന്ന സൗഹൃദ മത്സരത്തിലാണ് ഈ അപൂര്‍വ്വ കാഴ്ച.
ദക്ഷിണാഫ്രിക്കയില്‍ നടന്ന അന്ധരുടെ ലോകക്കപ്പ് നേടിയ ടീമംഗങ്ങളായ നിലമ്പൂര്‍ സ്വദേശി എ മുഹമ്മദ് ഫര്‍ഹാന്‍, തിരുവനന്തപുരം പാലോട്ടിലെ യു പി വിഷ്ണു എന്നിവര്‍ യഥാക്രമം മലപ്പുറം, പാലക്കാട് ടീമുകള്‍ക്ക് വേണ്ടി കളിക്കളത്തിലിറങ്ങി. മത്സരത്തില്‍ മലപ്പുറം ജേതാക്കളായി. ആദ്യ ബാറ്റിംഗിനിറങ്ങിയ മലപ്പുറം നിശ്ചിത 15 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തിന് 155 റണ്‍സ് നേടി. ലോകകപ്പ് താരം മുഹമ്മദ് ഫര്‍ഹാന്‍ 65 റണ്‍സ് നേടി മാന്‍ ഓഫ് ദ മാച്ചായി. ഫര്‍ഹാന്റെ മിന്നുന്ന പ്രകടനത്തിലാണ് ജില്ല ചാമ്പ്യന്‍മാരായത്. 11.5 ഓവറില്‍ 97 റണ്‍സെടുത്ത് പാലക്കാട് ഓള്‍ ഔട്ടായി. പാലക്കാട് ടീമിലെ ലോകകപ്പ് താരം വിഷ്ണു റണ്‍സെടുക്കാതെ പുറത്തായി.
കേരള ടീം ക്യാപ്റ്റനും മലപ്പുറം ജില്ലാ ടീം ക്യാപ്റ്റനുമായ ജിജുവാണ് വിക്കറ്റെടുത്തത്. പ്ലാസ്റ്റിക് നിര്‍മിതമായ ബോളിന്റെ ഉള്ളില്‍ പ്രത്യേക ശബ്ദം പുറപ്പെടുവിപ്പിക്കുന്ന കിലുക്കം സ്ഥാപിച്ച് അണ്ടര്‍ ആം ശൈലിയിലാണ് ബൗളിംഗ്. ഈ ശബ്ദത്തിലൂടെയാണ് ബാറ്റ്‌സ്മാന്‍മാരും ഫീല്‍ഡര്‍മാരും പന്തിന്റെ ദിശ മനസ്സിലാക്കുന്നത്. പതിനൊന്നംഗ ടീമില്‍ പൂര്‍ണ കാഴ്ചയില്ലാത്ത നാലുപേര്‍ കളിക്കാരായി ഉണ്ടാവണമെന്നത് നിര്‍ബന്ധമാണ്. 15 ഓവറില്‍ ആറ് ഓവര്‍ ബൗളിംഗും ഇവരായിരിക്കണം. ബാറ്റിംഗിലും മുന്‍ഗണന ഇവര്‍ക്കാണ്. എടപ്പാള്‍ സ്വദേശി സുജൈറാണ് മലപ്പുറം ടീമിന്റെ പരിശീലകന്‍.